നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 | 02:09 PM
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. നടൻ, സംവിധായകൻ, നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി.
1978 ൽ ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്.
1979-ല്‍ ഭരതന്റെ തകര, 1980-ല്‍ ഭരതന്റെ ചാമരം എന്നീ സിനിമകളില്‍ പ്രതാപ് പോത്തന് നായകനായി.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചു.
അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്, ഭരതന്, പത്മരാജന് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.
ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.
2012- ല്‍ മികച്ച വില്ലന്‍ നടനുള്ള SIIMA അവാര്‍ഡ് പ്രതാപ് പോത്തന് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.