എ വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്
April 10 | 11:13 AM
കണ്ണൂർ: കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്. മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി.
23- പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പിബിയിലെ ദളിത് പ്രാതിനിധ്യം പരിഗണിക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ദളിത് പ്രാതിനിധ്യമായി കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിനെ പരിഗണിക്കുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.
എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ ഇന്നലെ നടന്ന യോഗത്തിൽ ഒഴിയാൻ സന്നദ്ധത അറിയിച്ചു. മന്ത്രിമാരായ പി രാജീവും കെ എൻ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സിഎസ് സുജാതക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.