വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാലോ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ നമ്മുടെ വിരൽത്തുമ്പിലുള്ള ആശ്രയമാണിവർ

വൈഷ്ണവി നായർ   


കോളേജ് പരിസരങ്ങളിലും ബസ്സ്റ്റാൻഡുകളിലും ബീച്ചിലും തുടങ്ങി പൊതുസ്ഥലങ്ങളിലൊക്കെ റോന്തു ചുറ്റുന്ന പിങ്ക് വാഹനം നിങ്ങൾ കണ്ടിട്ടുണ്ടാകും. ചുരുങ്ങിയ മാസങ്ങൾ കൊണ്ടു തന്നെ ജില്ലയിൽ സ്ത്രീ സുരക്ഷ കർശനമായി നടപ്പിലാക്കുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതല്ല. വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാലോ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ നമ്മുടെ വിരൽത്തുമ്പിലുള്ള ആശ്രയമാണിവർ. ഏതു സമയത്തു വേണമെങ്കിലും 1515 എന്ന നമ്പറിൽ വിളിച്ചാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇവരുടെ സഹായമുണ്ടാകും. 

    ജില്ലയിൽ 2017 ഫെബ്രുവരി ഒന്നിനാണ് കേരള പോലീസിൻ്റെ കീഴിലുള്ള പിങ്ക് പോലീസ് പട്രോൾ സേവനമാരംഭിച്ചത്. ഇതുവരെ ജില്ലയിൽ മാത്രം 340 കോളുകളാണ് പരാതികളായ് പിങ്ക് പോലീസിനു ലഭിച്ചത്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിന്തുടരുന്ന ഈ വനിതാ പോലീസ് സംഘം ലഭിച്ച പരാതികൾ കാര്യക്ഷമമായി പരിഹരിക്കുന്നു. തങ്ങളുടെ സേവനം കൊണ്ട് സ്കൂൾ പരിസരങ്ങളിൽ ബൈക്കിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്നവരുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടെന്ന് അഭിമാനത്തോടെ പിങ്ക് പോലീസ് പറഞ്ഞു. 
       മിക്ക ദിവസങ്ങളിലും സഹായത്തിനായി കോളുകൾ വരാറുണ്ടെന്നും ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കോളുകൾ മാത്രമേ ഉണ്ടാകാറുള്ളൂ എന്നും കൺട്രോൾ റൂമിലെ വനിതാ പോലീസ് പറയുന്നു. കോളുകൾ വരാത്ത ദിവസങ്ങളുമുണ്ട്. ഇന്ന് ഭൂരിഭാഗം സ്ത്രീകളും ശല്യപ്പെടുത്തുന്നവർക്കെതിരെ പ്രതികരിക്കാറുണ്ടെന്നാണ് ഇവരുടെയും അഭിപ്രായം. 
      24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം. രാവിലെ 8 മുതൽ രാത്രി 8 വരെയുള്ള ഡ്യൂട്ടി സമയത്ത് ഇവർ സ്കൂൾ, കോളേജ്, ബസ് സ്റ്റാൻ്റ്,ബീച്ച് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ പോകുമെന്നും ഇവർ പറയുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നും പ്രശ്നമുള്ളതായി കൺട്രോൾ റൂമിലേക്ക് കോൾ വന്നാൽ അതാത് സ്റ്റേഷനിൽ ആ വിവരം റിപ്പോർട്ട് ചെയ്യും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും ഉപദ്രവിക്കുന്നവരെയും സാഹചര്യമനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ശല്യപ്പെടുത്തിയവൻ അത്ര കുഴപ്പക്കാരനല്ലെങ്കിൽ താക്കീത് ചെയ്തു വിടും. നേരെ മറിച്ചാണെങ്കിൽ വനിതാ പോലീസ് സ്റ്റേഷനിലേക്കോ അനിവാര്യ ഘട്ടങ്ങളിൽ ടൗൺ പോലീസ് സ്റ്റേഷനിലേക്കോ അയക്കുന്നു. അധികവും താക്കീതോ മുന്നറിയിപ്പോ നൽകി വിടാറില്ലെന്നും എസ്ഐ മുൻപാകെ ഹാജരാക്കുകയാണു പതിവെന്നും പിങ്ക് പോലീസ് പറയുന്നു. ജില്ലയിൽ തന്നെ ഇത്തരത്തിൽ ഭാര്യയെ ഉപദ്രവിച്ചതും മദ്യപിച്ച് ശല്യം ചെയ്തതുമായ രണ്ട് കേസുകൾ ടൗൺ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്തതായി അവർ സൂചിപ്പിച്ചു. 
       കോളുകളായ് വരുന്ന പരാതികൾ മിക്കവയും ഗാർഹിക പീഡനങ്ങൾ,ബസ് സ്റ്റോപ്പിലും യാത്രയ്ക്കിടയിലുമുണ്ടാകുന്ന ശല്യപ്പെടുത്തലുകൾ, സ്ഥിരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്യൽ,കടയിൽ ജൊലി ചെയ്യുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ എന്നിവയാണ്. കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ഉടനടി പിങ്ക് പട്രോൾ വാഹനങ്ങളിലുള്ളവർക്ക് കൈമാറുകയും തുടർന്ന് എത്രയും വേഗം പിങ്ക് പട്രോളിൻ്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുന്നു. എന്നാൽ ആശ്രയമാകുന്ന ഇവരോട് ക്ലാസ് കട്ട് ചെയ്തു യൂണിഫോമിൽ തന്നെ കറങ്ങാൻ വരുന്ന പെൺകുട്ടികളുടെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാകാറില്ലെന്ന വസ്തുത കൂടിയുണ്ട്. പക്ഷെ അവരെയും സുരക്ഷിതരായി വീട്ടിലെത്തിക്കാൻ പിങ്ക് പോലീസ് സന്നദ്ധരാണ്.
       ഭയപ്പെടാതെ ജീവിയ്ക്കാൻ പിങ്ക് പോലീസ് സേവനം പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരാശ്വാസമാണ്. തലശ്ശേരിയിലും കണ്ണൂരിലും പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകിയതായി ഇവർ പറഞ്ഞു. കൂടാതെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാനുള്ള സെൽഫ് ഡിഫൻസ് പരിശീലനവും നൽകി വരുന്നുണ്ട്. 
    ട്രാൻസ്ജെൻഡേഴ്സിനു സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന ശല്യപ്പെടുത്തലുകളൊഴിച്ച് മറ്റു പരാതികളൊന്നും അവരിൽ നിന്നും ഇതു വരെ ലഭിച്ചിട്ടില്ലെന്നും പിങ്ക് പോലീസ് പറയുന്നു. ഇതു കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന് ഒറ്റപ്പെട്ടു പോകുന്ന പെൺകുട്ടികളെയും ബസ് മാറി എത്തുന്നവരെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിൽ ഇവർ കർമനിരതരാണ്. 


       ഓർക്കുക, നമ്മുടെ വിരൽത്തുമ്പിലുണ്ട് നമ്മുടെ സുരക്ഷ. കോൾ 1515, എന്തു സഹായത്തിനും സന്നദ്ധരായി ഈ പിങ്ക് സംഘമുണ്ട്.