ആരെങ്കിലും പുഴയിലോ കുളത്തിലോ വീണെന്നറിഞ്ഞാൽ ജോലിക്കിടയിലും ഇവർ ഓടി എത്തും

സോണിയ ജോൺ

നിങ്ങൾക്ക് നീന്തൽ അറിയുമോ ?എങ്കിൽ നിങ്ങളെ തുർക്കിയിൽ ആവശ്യമുണ്ട്.ഞെട്ടണ്ട,തുർക്കി രാജ്യത്തിനല്ല നമ്മുടെ കേരളത്തിൽ,അതും  കൽപറ്റയിൽ.ഇവിടെ ഒരു ഗ്രാമമാണ് 'തുർക്കി'. തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ.പുഴയിലും കുളത്തിലും വീഴുന്നവരെ ഇവർ മുങ്ങിയെടുക്കും. അത് കൊണ്ട് തന്നെ നീന്തൽ അറിയാവുന്ന എല്ലാവരെയും ഈ സമിതി ഒപ്പംക്കൂട്ടും.കടലുണ്ടി അപകടത്തെ തുടർന്നാണ് വയനാടൻ ചുരമിറങ്ങി വന്ന ഇവരുടെ സേവനം പുറം ലോകമറിഞ്ഞത്.സമിതിയിലെ അംഗങ്ങൾ സാധാരണക്കാരും, ദിവസവേതനക്കാരുമാണ്. ആരെങ്കിലും പുഴയിലോ കുളത്തിലോ വീണെന്നറിഞ്ഞാൽ ജോലിക്കിടയിലും ഇവർ ഓടി എത്തും, ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരയാൻ. തീർത്തും സൗജന്യമായി ഇവർ നടത്തുന്ന സേവനം തുടങ്ങിയിട്ട് 27 വർഷമായി.സംഘടന എന്ന നിലയിൽ രജിസ്റ്റർ ചെയ്തതല്ലാതെ സർക്കാർ തലത്തിൽ കാര്യമായ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഇതൊരു സേവനമായി കണ്ടത് കൊണ്ട് സമിതി സഹായം ആവശ്യപെട്ടിട്ടുമില്ല. കെ.പി.രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്ന കാലത്ത്  25000 രൂപയും മന്ത്രി ജയലക്ഷ്മിയുടെ യുവജനക്ഷേമ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപയും സഹായം ലഭിച്ചത് മാത്രമാണ് ഇവർക്ക് ആകെ കിട്ടിയ സർക്കാർ സഹായം.സമിതിക്ക് സ്വന്തമായി ഒരു ബോട്ടാണുള്ളത്. സമിതി സൗജന്യമായി കുട്ടികളെ നീന്തൽ പരിശീലിപിക്കുന്നുണ്ട്. ഇതിനിടയിൽ സമിതിയുടെ പ്രസിഡണ്ട് ഷാൽ പുത്തലിന്റെ വിയോഗമാണ്‌ അംഗങ്ങളെ ഏറെ വേദനിപ്പിച്ചത്.ഒരു സാഹസികയാത്രയിൽ ബോട്ട് മറിഞ്ഞു തലക്കടിച്ചതാണ് മരണ കാരണം.ജീവൻ രക്ഷിക്കുന്നതിന് പുറമേ മറ്റു സാമൂഹിക പ്രവർത്തനങ്ങളും സമിതി ഇപ്പോൾ ചെയ്തു വരുന്നുണ്ട്.രക്തദാനമാണ് അതിൽ പ്രധാനം.പതിനഞ്ച് എക്സിക്ക്യൂട്ടീവ് അംഗങ്ങളും ആറ് രക്ഷാധികാരികളും അടങ്ങുന്ന സമിതിയുടെ പ്രസിഡന്റ് ടി.ഹാരിസാണ്.

Image title