വിസ്മൃതിയിലായേക്കാവുന്ന ഒരു ചരിത്രസ്മാരകം കൂടി രക്ഷപ്പെട്ടു

കണ്ണൂര്‍ : കണ്ണൂരില്‍ വിസ്മൃതിയിലായേക്കാവുന്ന ഒരു ചരിത്രസ്മാരകം കൂടി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടു. സിറ്റി കസാനക്കോട്ടയിലെ പാഴ്‌സി ബംഗ്ലാവിനാണ് ഈ സൗഭാഗ്യം. കെട്ടിടം പൊളിച്ചു മാറ്റാനുള്ള ബന്ധപ്പെട്ടവരുടെ നീക്കം ജില്ലാ അധികൃര്‍ ഇടപെട്ട് തടയുകയായിരുന്നു. 
കാലത്തിന്റെ കഥപറയുന്ന, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടം, ശ്രദ്ധിക്കാന്‍ ആളില്ലാതെയും ആള്‍പ്പെരുമാറ്റമില്ലാതെയും നാശത്തിന്റെ വക്കിലായിരുന്നു. പാഴ്‌സി സമൂഹത്തിന്റെ കണ്ണൂരിലെ ആസ്ഥാന കേന്ദ്രമായാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. പ്രസിദ്ധമായ അറക്കല്‍ രാജവംശം കണ്ണൂര്‍ ഭരിക്കുന്ന കാലത്ത്, വാണിജ്യ ആവശ്യത്തിനായി ഗുജറാത്ത്, ദില്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ പാഴ്‌സി വിഭാഗത്തില്‍പെട്ടവര്‍ക്കു വിശ്രമിക്കാനും താമസിക്കാനും പണികഴിപ്പിച്ചതാണ് ഈ കെട്ടിടം എന്നാണ്പറയുന്നത്. ഇതിന്റെ കാലപ്പഴക്കത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. എട്ടേക്കര്‍ സ്ഥലത്താണ് ബംഗ്ലാവുണ്ടായിരുന്നതെങ്കിലും പലരും സ്ഥലം കൈയ്യേറി ഇപ്പോള്‍ ഒരേക്കറില്‍ താഴെസ്ഥലം മാത്രമേയുള്ളൂ. ഈ കെട്ടിടം മതില്‍കെട്ടി സംരക്ഷിച്ചിരുന്നു. ബംഗ്ലാവിന്റെ ഒരു വശം പാഴ്‌സികളുടെ ശവസംസ്‌കാരത്തിനായി മാറ്റിവെച്ചിരുന്നതായും പറയപ്പെടുന്നു. പാഴ്‌സി വിഭാഗത്തില്‍പെട്ടവര്‍ മൃതദേഹം സംസ്‌കരിക്കാറില്ലായിരുന്നുവെന്നും, കെട്ടിടത്തിലെ ഒരു മുറിയില്‍ മൃതദേഹം കിടത്തുകയും ഇത് കഴുകന്മാര്‍ക്ക് ഭക്ഷണമാവുകയും ചെയ്യാറാണെന്നുമാണ് പറയപ്പെടുന്നത്. മുംബൈയിലെ അഞ്ചുമാന്‍ ട്രസ്റ്റിനാണ് ഇപ്പോള്‍ ഈ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശം. 
എന്നാല്‍, പാഴ്‌സി ബംഗ്ലാവ് ഉള്‍പ്പെടുന്ന സ്ഥലം സംസ്ഥാന റവന്യു വകുപ്പിന്റെ കൈവശമാണുള്ളത്. കെട്ടിടം പൊളിച്ചു മാറ്റുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തു വരികയും ജില്ലാ അധികൃതര്‍ക്കു പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതരെത്തി കെട്ടിടം പൊളിക്കുന്നത് തടയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന ആനന്ദ് സിംഗിന്റെ നിര്‍ദ്ദേശാനുസരണം, കണ്ണൂര്‍ 2 വില്ലേജ് ഓഫീസറാണ് ഉത്തരവ് നടപ്പാക്കിയത്. ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും, ഇത് ചരിത്ര സ്മാരകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത് തടഞ്ഞത്. 
 അതേസമയം, ട്രസ്റ്റിന്റെ അനുമതിയില്ലാതെ, ഒരു കുടുംബാംഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. അതേസമയം, പാഴ്‌സി ബംഗ്ലാവ് പൊളിക്കാന്‍ തീരുമാനിച്ചത് വ്യക്തമായ രേഖകളുള്ള ട്രസ്റ്റാണെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്നുമാണ് ട്രസ്റ്റ് പ്രസിഡണ്ട് ടി. എം. മിസ്ത്രിയുടെ വാദം. പാര്‍സി ബംഗ്ലാവും വസ്തുവകവകകളും റവന്യു വകുപ്പിന്റതല്ലെന്നും, 1837 ല്‍ സ്ഥാപിതമായ പാഴ്‌സി അന്‍ജുമന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലും കൈവശാവകാശത്തിലുമുള്ളതാണെന്നും ഇതിന്റെ എല്ലാ രേഖകളും ട്രസ്റ്റിന്റെ കൈയ്യിലുണ്ടെന്നും മിസ്ത്രി പറഞ്ഞു.കെട്ടിടം പുരാവസ്തു വകുപ്പിനു കൈമാറി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.