അമൂല്യങ്ങളായ പുരാവസ്തുക്കളുമായി ഒരു വിദ്യാലയം

കണ്ണൂര്‍ - മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളെ തിരികെ കൊണ്ടുവരുന്ന നൂറു കണക്കിനു അമൂല്യങ്ങളായ പുരാവസ്തുക്കളുമായി കാലത്തെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനമൊരുക്കി ഒരു വിദ്യാലയം ശ്രദ്ധേയമാവുന്നു. കണ്ണൂര്‍ ജില്ലയിലെ തീരദേശ ഗ്രാമമായ മാട്ടൂലിലെ നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളാണ് ഈ സംരംഭത്തിനു പിന്നില്‍. ജില്ലാ തലത്തില്‍, 12 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളെ പിന്തള്ളി തുടര്‍ച്ചയായി നാലു തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ വിദ്യാലയം മുന്നേറുകയാണ്.  
ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് മാടായിപ്പാറയിലെ രാജകൊട്ടാരത്തിനു നേരെ വര്‍ഷിച്ച പീരങ്കി ഉണ്ട മുതല്‍, പഴയകാലത്ത് സമയം കണക്കാക്കുന്ന നാഴിക വട്ട വരെ അമൂല്യവും പുതു തലമുറക്കു അറിയാത്തതുമായ  നൂറു കണക്കിനു വസ്തുക്കളാണ് ഈ പ്രദര്‍ശനത്തില്‍ ഇടം പിടിച്ചത്. ലോക പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തന്റെ കലാസപര്യക്കു തുടക്കമിട്ട കളിവിളക്കു മുതല്‍, പ്രാചീന വേദ ഗ്രന്ഥമായ ഇഞ്ചീല്‍ വരെയുള്ളവ ഈ പ്രദര്‍ശനത്തില്‍ ഇടം പിടിക്കുന്നു. 

ചെറുതാഴം ഗ്രാമത്തിലെ പുരാതനമായ വാരണക്കോട് ഇല്ലത്തു വെച്ചാണ് പിന്നീട് കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ പ്രശസ്തനായ ഇദ്ദേഹം തന്റെ കലാപഠനം ആരംഭിക്കുന്നത്. ഈ കൂറ്റന്‍ കളിവിളക്കിനു മുന്നില്‍ വെച്ചാണ് അദ്ദേഹം കഥകളി പഠനത്തിന്റെ ഹരിശ്രീ കുറിച്ചത്. പുരാതന ഗൃഹോപകരണങ്ങള്‍ മുതല്‍ വിദേശ ഭരണികള്‍ വരെ ഈ പുരാവസ്തുശേഖരത്തിലുണ്ട്. ചീന ഭരണി മുതല്‍, ഉപ്പു മാങ്ങ ഭരണി വരെ അപൂര്‍വങ്ങളായ പതിനഞ്ചോളം ഭരണികള്‍ തന്നെയുണ്ട്. കാര്‍ഷിക സംസ്‌കൃതിയെ ഓര്‍മ്മിപ്പിക്കുന്ന കലപ്പ മുതല്‍ വിത്തു പൊതി വരെയുള്ളവ ഏവരെയും ആകര്‍ഷിക്കും. കര്‍ഷക സ്ത്രീകള്‍ ഉപയോഗിക്കുന്ന കളക്കുടയും ബ്രാഹ്മണ സ്ത്രീകള്‍ ഉപയോഗിക്കുന്ന മറക്കുടയും ഉള്‍പ്പടെ ഈ വിഭാഗത്തില്‍ വ്യത്യസ്തകളേറെ. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഘടികാരവും പഴയകാലത്തെ തൊട്ടിലും മുതല്‍ പഴയ ടേപ്പ് റെക്കോര്‍ഡറും വ്യത്യസ്ത ഫോണുകളും ടൈപ്പ് റൈറ്ററുകളും ഫാക്‌സും മുതല്‍ ഗ്രാമഫോണിന്റെ വ്യത്യസ്ത മോഡലുകളും ഇവര്‍ എത്തിച്ചിരിക്കുന്നു.  

ഏറ്റവും കൂടുതല്‍ പ്രവാസികളുടെ മക്കള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിലെ പിഞ്ചു വിദ്യാര്‍ഥികള്‍ മുതല്‍ അധ്യാപകര്‍ വരെയുള്ളവര്‍ക്കു ഈ പുരാവസ്തുക്കളുടെ പ്രാധാന്യവും പ്രത്യേകതകളും മനപാഠമാണ്. നഹല ഷെരീഫ്, ഹാമിദ മുഹമ്മദ് ഷാഫി എന്നീ കുട്ടികളാണ് പുരാവസ്തുക്കളുടെ വിവരണം നല്‍കുന്നത്. യു. എ. ഇയലെ പ്രവാസി പ്രമുഖനായ പി. പി. മഹമ്മൂദ് ഹാജി ചെയര്‍മാനായ ട്രസ്റ്റാണ് ഈ സ്ഥാപനം നടത്തുന്നത്. മാടായി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എ. പി. ബദറുദ്ദീനാണ് പ്രസിഡണ്ട്. ഒരു വര്‍ഷം നീളുന്ന  പരിശ്രമത്തിനൊടുവിലാണ് അമൂല്യവും അപൂര്‍വവുമായ ഈ വസ്തുക്കള്‍ സ്‌കൂള്‍ ശേഖരിച്ചത്. അപൂര്‍വ വസ്തുക്കളുടെ ഒരു സ്ഥിരം മ്യൂസിയമൊരുക്കുകയാണ് സ്ക്കൂളിന്റെ ലക്ഷ്യം.