Latest News

ഹെയർസ്റ്റൈലിൽ വേറിട്ട പരീക്ഷണങ്ങളുമായി ഫ്രീക് പയ്യന്മാർ

വൈഷ്ണവി നായർ 

നഗരമായാലും നാട്ടിൻപുറമായാലും എവിടെ നോക്കിയാലും ഇപ്പോൾ ഫ്രീക്ക് പയ്യന്മാരെ കാണാം. ട്രെൻഡിനനുസരിച്ച് കോലം മാറുമ്പോൾ മുടിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്. പണമെത്ര ചിലവായാലും ഫ്രീക്കായി ചെത്തി നടക്കാൻ പുത്തൻ ഹെയർസ്റ്റൈൽ ഇവർ പരീക്ഷിക്കും. ദുൽഖറിനെ പോലെ മുടിയും താടിയും ഒക്കെ വെട്ടി ഛോട്ടാ ചാർളിയാവാൻ ശ്രമിച്ചവരും ഉണ്ടെന്ന് ബ്യൂട്ടീഷന്മാർ പറയുന്നു. എന്നാൽ  ചാർളി തരംഗമൊക്കെ കെട്ടടങ്ങി. ഇപ്പോൾ യുവാക്കൾ സൈഡ് പറ്റെയടിച്ചിട്ടുള്ള ഫ്രീക്ക് സ്റ്റൈൽ സ്പൈക്കിനു പിറകെയാണ്. ട്രെൻഡ് മാറുന്നതിനനുസരിച്ച് ഹെയർസ്റ്റൈൽ മാറി മാറി പരീക്ഷിക്കുന്നവരാണ് പുതിയ തലമുറ. ഫുട്ബോൾ, ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ നടന്മാരുടെയും ഒക്കെ ഹെയർസ്റ്റൈൽ അനുകരിക്കുന്നവരാണ് ഏറെയും. സീറോ, ടെയ്ൽ കട്ട്, നേവി, മിലിട്ടറി കട്ട് തുടങ്ങി വിവിധയിനം ഹെയർസ്റ്റൈലുകളുണ്ടെങ്കിലും സ്പൈക്കാണ് ഇപ്പോൾ താരം. ഫ്രണ്ട് സ്പൈക്ക് ഔട്ട് ഓഫ് ഫാഷനായെങ്കിലും സൈഡ് സ്പൈക്ക്, ഫ്രീക്ക് സ്റ്റൈൽ സ്പൈക്ക് (സെൻ്റർ സ്പൈക്ക്) എന്നിവയാണ് ടീനേജുകാരുടെ ഇപ്പോഴത്തെ ട്രെൻഡി ഹെയർസ്റ്റൈൽ. മുടിയുടെ ഒരു സൈഡോ അല്ലെങ്കിൽ രണ്ടു സൈഡും പറ്റെയടിച്ച് നടുവിലുള്ള മുടി പൊക്കി വയ്ക്കുന്നതാണ് ട്രെൻഡി സ്പൈക്ക് സ്റ്റൈൽ. ഒരു സൈഡിലുള്ള മുടി പറ്റെയയടിച്ചതിനു ശേഷം ബാക്കി മുടി മറ്റേ സൈഡിലേക്ക് ഒതുക്കിയിടുന്നതാണ് മറ്റൊരു സ്റ്റൈൽ . രണ്ടു സൈഡിലുമുള്ള മുടി പറ്റെയടിച്ച് പിറകിലോട്ട് ചീകിയിടുന്നതും, പിറകോട്ട് ചീകി മുടി കെട്ടി വയ്ക്കുന്നതുമായി വ്യത്യസ്ത രീതിയിൽ ചെയ്യാവുന്നതാണ് ഈ ഹെയർസ്റ്റൈൽ. ചുരുണ്ട മുടിയുള്ളവരാണെങ്കിൽ മുടി ആദ്യം സ്ട്രെയ്റ്റ് ചെയ്യുന്നു. എന്നിട്ട് പൊക്കി വയ്ക്കുകയോ പറ്റിച്ചു നിർത്തുകയോ ചെയ്യാം. സ്പൈക്ക് സ്റ്റൈലിൽ ഹെയർ കട്ട് ചെയ്തിട്ട് ഫ്രണ്ട് മാത്രം കളർ ചെയ്യുന്നവരുമുണ്ട്. റെഡ്, ഗോൾഡൻ ഹെയർ കളർ ചെയ്യുന്നതും ഫ്രീക്ക് ലുക്കാണ്.

 കടപ്പാട്: അഡോണിസ് ബ്യൂട്ടിപാർലർ, കണ്ണൂർ