Latest News

കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായി തുഷാരഗിരി സഞ്ചാരികളെ ആകർഷിച്ച് ഉടുത്തൊരുങ്ങി നിൽക്കുന്നു

ഉമൈമ ഉമ്മർ 

അതിമനോഹരമായ മൂന്നു വെള്ളച്ചാട്ടങ്ങൾ സൗന്ദര്യമൂറ്റി കൊടുത്ത് വളർത്തിയ സുന്ദരിയാണ് തുഷാരഗിരി. ഹിമകണങ്ങൾ അവൾക്ക് മേൽവസ്ത്രമാകുന്നു.തുഷാരഗിരി എന്നു പേരു വരാൻ കാരണവും ഇതു തന്നെ.   കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് തുഷാരഗിരി.കോഴിക്കോട് കൊല്ലങ്കൽ ദേശീയപാതയിൽ അടിവാരത്തു നിന്ന് പാലക്കൽ, ചെമ്പുകടവ് റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം. 

ആഴ്ച്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തുഷാരഗിരി തുറന്നുകൊടുക്കുന്നു.കുറഞ്ഞ പ്രവേശന നിരക്കിൽ 2 മുതൽ 3 മണിക്കൂർ ഇവിടെ ചിലവഴിക്കാമെന്നത് പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് ഏറെ ഗുണകരമാണ്.
തേൻപാറ, തുമ്പി തുള്ളും പാറ, മഴവില്ല് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ മുഖ്യാകർഷണം. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ ചാലിപ്പുഴ പിരിഞ്ഞൊഴുകിയാണ് ഇവ മൂന്നും ഉണ്ടാകുന്നത്.സമുദ്രനിരപ്പിൽ നിന്ന് 75 മീറ്റർ ഉയരത്തിലുള്ള തേൻപാറയാണ് കൂട്ടത്തിൽ ഏറ്റവും ഉയരം കൂടിയത്. 
ഇവക്കുപുറമേ ഏറെ വർഷം പ്രായമുള്ള താന്നിമരം മറ്റൊരു പ്രത്യേകതയാണ്.മരത്തിന്റെ തടിയിലുള്ള പൊത്തിലൂടെ നോക്കിയാൽ മുകളിൽ ആകാശം കാണുമെന്നത് താന്നിമരത്തെ ജനപ്രിയമാക്കി.അതു കൊണ്ട് താന്നിമരം സഞ്ചാരികൾക്ക് താന്നിമുത്തശ്ശിയായി. 
തുഷാരഗിരിയുടെ മുഖ്യാകർഷണങ്ങൾ പറയുമ്പോൾ ഈയിടെ നിർമാണം പൂർത്തിയായ ആർച്ച് പാലത്തെ പരാമർശിക്കാതെ വയ്യ.ചാലിപ്പുഴക്ക് കുറുകെ നിർമിച്ച ഈ പാലം ടൂറിസം മേഖലക്ക് മുതൽക്കൂട്ടാണ്.
ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി ട്രക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കായി നിർമ്മിച്ച പാർക്ക് തുഷാരഗിരിയെ കുട്ടി സഞ്ചാരികൾക്കും പ്രിയങ്കരിയാക്കി. 

ഗ്രാമത്തിന്റെ തനതു രുചികൾ വിളമ്പുന്ന റസ്റ്റോറന്റുകളാണ് മറ്റൊരു പ്രത്യേകത.നാടൻ ചേരുവകൾ ചേർത്തുണ്ടാക്കുന്ന മുയൽ ഫ്രൈയാണ് ഇവിടുത്തെ രുചി പ്പട്ടികയിൽ ഒന്നാമൻ.തുഷാരഗിരിയുടെ സൗന്ദര്യത്തെ പ്രണയിച്ചു തീരാത്തവരാണ് ഇവിടെ നിന്നു തിരിക്കുന്ന ഓരോ സഞ്ചാരിയും. കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായി തുഷാരഗിരി സഞ്ചാരികളെ ആകർഷിച്ച് ഉടുത്തൊരുങ്ങി നിൽക്കുന്നു.