Latest News

തുരുത്തിലേക്കൊരു ഒരു യാത്ര പോകാം

കണ്ണൂർ:അഞ്ചരക്കണ്ടിപുഴ കൈവഴികളായി പിരിഞ്ഞ് കടലിൽ പതിക്കുന്നത് ധർമ്മടം ഗ്രാമത്തിന്റെ ഇരു ഭാഗങ്ങളിലൂടെയാണ്.അറബി കടലും പുഴയുടെ കൈവഴികളും ചേർന്ന് ഈ ഗ്രാമം ഒരു ഉപദ്വീപിന്റെ പരിവേഷമണിയുന്നു.കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ പ്രസിദ്ധമായ മൊയ്തുപാലത്തിൽ നിന്ന് വലത്തോട്ട് നോക്കിയാൽ ധർമ്മടം ബീച്ചിൽ സ്ഥാപിച്ച ബീച്ച് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ ഭാഗങ്ങൾ കാണാം. പാലം കടന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാൽ വിസ്തൃതമായ കടലോരത്തേക്കുള്ള പ്രവേശനമായി.


കേരളത്തിലെ കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏറ്റവും വികസന സാധ്യതയുള്ള ബീച്ചു കളിലൊന്നാണ് ധർമ്മടം ബീച്ച്.ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെയും,കടൽവെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ധർമ്മടം തുരുത്തിന്റെ സാമിപ്യം ധർമ്മടം ബീച്ചിന്റെ വികസന സാധ്യതക്ക് തിളക്കം നൽകുന്നു. അഞ്ചരക്കണ്ടി പുഴയുടെ അഴിമുഖം മുതൽ തുരുത്തുമായി ഏറെ അടുത്ത് കിടക്കുന്ന മണൽ പരപ്പുവരെ നീണ്ട ഈ കടലോരം അനുപമമായ കടൽക്കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്.നൂറ്റാണ്ടുകൾക്ക് മുമ്പ് എപ്പോഴോ കരയില നിന്ന് തെന്നിമാറി രൂപംകൊണ്ടു എന്ന് കരുതപെടുന്ന ധർമ്മടം തുരുത്ത്,കരയിൽ നിന്ന് 150 മീറ്റർ അകലെ കടലിന് നടുവിൽ ആറെക്കറോളം വിസ്തൃതിയിൽ തെങ്ങും ഫലവൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന ഭൂപ്രദേശമാണ്.നിലവിൽ തുരുത്തിലേക്ക് സഞ്ചരിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടിലെങ്കിലും വേലിയിറക്കസമയത്ത് അരയോളം വെള്ളത്തിൽ നടന്നും,മത്സ്യബന്ധന തോണികളിൽ യാത്ര ചെയ്തും അപൂർവ്വമായി സഞ്ചാരികൾ തുരുത്ത് സന്ദർശിക്കാറുണ്ട്.നേരത്തെ സ്വകാര്യ ഭൂമിയായിരുന്ന തുരുത്ത് പത്ത് വർഷത്തിലധികമായി കേരള സർക്കാറിന്റെ അധീനതയിലാണുള്ളത്.


                                                              

Image title

ബീച്ച് ഫെസിലിറ്റേഷൻ കേന്ദ്രം സൗകര്യങ്ങളൊരുക്കി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്.ബീച്ചിലെ പ്രവേശന കവാടത്തിന് മുന്നിൽ നിർമ്മിച്ച നടപ്പാത അവസാനിക്കുന്നിടത്ത് പുല്ല് പാകിയ ചെറിയൊരു മൈതാനവും കളികണ്ടാസ്വദിക്കാൻ പാകത്തിൽ പടികൾ നിർമ്മിച്ച്‌ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.അടുത്തകാലത്തിറങ്ങിയ, ഫുട്ബാൾ കളിയുടെ പശ്ചാത്തലത്തിലൊരുക്കിയ 'സെവൻസ്' എന്ന മലയാള ചലച്ചിത്രത്തിലെ പല രംഗങ്ങളും ഈ മൈതാനത്താണ് ചിത്രീകരിച്ചത്.


ധർമ്മടം ബീച്ചും, തുരുത്തും, പുഴയുടെതീരമുൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയെ കണ്ണൂരിലെ ഏറ്റവും ആകർഷകമായ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാൻ സർക്കാർ തലത്തിൽ ഇനിയുമേറെ പദ്ധതികൾ ആവിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. തുരുത്ത് ഏറ്റെടുക്കുമ്പോൾ പറഞ്ഞുകേട്ടിരുന്ന പദ്ധതികളോന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ തീർത്തും അനാഥാവസ്ഥയിലാണ് തുരുത്ത് ഇപ്പോൾ.വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.ഒരു പക്ഷെ, മലബാർ ഭാഗത്ത് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന ടൂറിസം കേന്ദ്രമായിട്ടാണ് ധർമ്മടം തുരുത്തിനെ ഈ മേഖലയിലുള്ളവർ നോക്കികാണുന്നത്.തീരത്ത് നിന്ന് തുരുത്തിലേക്ക് റോപ്പ് വേയും, കേബിൾകാറും ആരംഭിക്കേണ്ടതുണ്ട്.



തുരുതിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക്കോട്ടം തട്ടാതെ കോട്ടേജുകളും ഹോട്ടലുകളും സ്ഥാപിച്ച് തുരുത്തിൽ രാത്രി സഞ്ചാരത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താവുന്നതാണ്.കടലിന്നഭിമുഖമായി ചുറ്റും നടപ്പാതകളും ഇരിപ്പിടങ്ങളും വെളിച്ച സംവിധാനങ്ങളുമായി മോടികൂട്ടാം.കണ്ണൂർ-തലശ്ശേരി നഗരങ്ങളെ വീക്ഷിക്കാനാവുംവിധം ടെലിസ്ക്കോപ്പിക്ക് സൗകര്യങ്ങളോടെയുള്ള വാച്ച് ടവറുകൾ സ്ഥാപിച്ച് തുരുത്തിൽ നിന്ന് ദൂരക്കാഴ്ച്ചക്ക് കളമൊരുക്കാം.ബീച്ചിലെ പ്രവേശന കവാടത്തിന് മുന്നിൽനിന്ന് ദേശീയപാതവരെ നീളുന്ന റോഡ്‌ വീതികൂട്ടി പുഴയുടെ തീരത്ത് നടപ്പാതയും ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്‌താൽ അലസമായൊഴുകി കടലിൽചേരുന്ന പുഴയുടെ ഭംഗി അല്ലലില്ലാതെ മതിവരോളം കണ്ടാസ്വദിക്കാൻ സഞ്ചാരികൾക്ക് പ്രേരണയാകും.