Latest News

ഖേലോ ഇന്ത്യ ദേശീയ സ്കൂൾഗെയിംസ് മാതൃകയിൽ അടുത്ത വർഷം മുതൽ ദേശീയ കോളേജ് ഗെയിംസും നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്

ന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾഗെയിംസ് മാതൃകയിൽ അടുത്ത വർഷം മുതൽ ദേശീയ കോളേജ് ഗെയിംസും നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. പ്രാഥമിക തലം മുതൽ കായികതാരങ്ങളെ സജ്ജമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും കേന്ദ്രം നൽകുമെന്നും കായിക മന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ പ്രഥമ ഗെയിംസിൽ നിന്ന് 538 കായിക താരങ്ങളെ  കേന്ദ്രസർക്കാരിൻ്റെ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. അർജുന, ഖേൽരത്‌ന, ദ്രോണാചാര്യ അവാർഡ് ജേതാക്കൾ ഉൾപ്പെടെയുള്ള 70ലേറേ വരുന്നസെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് സ്കോളർഷിപ്പിന് കായിക താരങ്ങളെ തിരഞ്ഞെടുത്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. വർഷം അഞ്ചു ലക്ഷം രൂപ വീതം എട്ടു വർഷത്തേക്കാണ് സ്കോളർഷിപ്പ് നൽകുക. താരങ്ങളുടെ പ്രകടനം വിലയിരുത്തിയാവും സ്കോളർഷിപ്പ് തുടരണോ എന്ന് തീരുമാനിക്കുക. പി.ടി.ഉഷ, ഐ.എം.വിജയൻ എന്നീ മലയാളികളും സമിതിയിലുണ്ട്. അടുത്ത ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ കോച്ചുകൾക്കും കോച്ചിങ് സെൻ്ററുകൾക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകും. പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിൽ പല ഇനങ്ങളിലും മികച്ച പ്രകടനം കാണാൻ സാധിച്ചില്ലെങ്കിലും ഏതാനും വർഷത്തിനുള്ളിൽ രാജ്യാന്തര നിലവാരത്തിലേക്ക് മത്സരം ഉയരുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു.