Latest News

മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരവുമായി കലോത്സവ വേദിയിലെ ഒരു താരമുണ്ട്

കണ്ണൂര്‍: ചിത്രയും സുജാതയും സിതാരയുമൊക്കെ അരങ്ങു തകര്‍ക്കുന്ന ചലച്ചിത്ര ഗാന വേദിയില്‍ നിന്നും മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരവുമായി കലോത്സവ വേദിയിലെത്തിയ ഒരു താരമുണ്ട്.കണ്ണൂരിന്റെ തന്നെ സംഭാവനയായ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ പണ്ഡിറ്റ് രമേഷ് നാരായണന്റെ മകള്‍ മധുശ്രീ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് ഇനങ്ങളിലാണ് ഈ മിടുക്കി മത്സരിക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗം ലളിത ഗാനത്തിലും സംഘഗാനത്തിലും.ഇതില്‍ ലളിത ഗാനത്തില്‍ എ ഗ്രേഡ് നേടിക്കഴിഞ്ഞു. അടുത്ത ഊഴത്തിനായുള്ള കാത്തിരിപ്പിലാണ് മധുശ്രീ. 
പിതാവിനു കീഴില്‍ ശാസ്ത്രീയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച മധുശ്രീ, പിതാവ് തന്നെ സംഗീതം നല്‍കിയ 'മകരമഞ്ഞ്' എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്.തുടര്‍ന്ന് സൂപ്പര്‍ ഹിറ്റായ എന്നു നിന്റെ മൊയ്തീന്‍ അടക്കം നിരവധി ചിത്രങ്ങളില്‍ പാടി. തിരുവനന്തപുരം കാര്‍മ്മല്‍ എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥിനിയായ മധുശ്രീ, ലളിത ഗാനത്തില്‍ എഗ്രേഡ് നേടിയത് പ്രശ്‌സത ഗാനരചിതാവ് പി.കെ.ഗോപി രചിച്ച 'സ്വര്‍ഗ്ഗ സാഗരത്തില്‍' എന്ന ഗാനമാലപിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിലും രണ്ട് ഇനങ്ങളിലും മധുശ്രീ മത്സരിച്ചു വിജയം നേടിയിരുന്നു. ജന്മനാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടുന്നതില്‍ ഇരട്ടി മധുരമുണ്ടെന്നാണ് ഈ മിടുക്കിയുടെ പക്ഷം.