Latest News

അക്ഷരങ്ങളിലൂടെ വിസ്മയങ്ങൾ തീർത്ത അനശ്വര കഥാകാരിയുടെ രൂപവും ഭാവവും പ്രകൃതവും എല്ലാം പകർത്തി ഒരു കൊച്ചു മിടുക്കി: വീഡിയോ കാണാം

കണ്ണൂർ: കണ്ടാൽ ആരുമൊന്ന് ആശ്ചര്യത്തോടെ നോക്കി പോകും ഈ കൊച്ചു സുന്ദരിയെ. ഒറ്റ നോട്ടത്തിൽ, അക്ഷരങ്ങളിലൂടെ വിസ്മയങ്ങൾ തീർത്ത അനശ്വര കഥാകാരി കമലാ സുരയ്യ എന്ന മാധവിക്കുട്ടി. 
കമലാ സുരയ്യയുടെ രൂപം മാത്രമല്ല, ഭാവവും പ്രകൃതവും എല്ലാം ഈ കൊച്ചു മിടുക്കി അതുപോലെ പകർത്തിയിട്ടുണ്ട്. കുഞ്ഞു കമല സുരയ്യ പുനരാവിഷ്ക്കരിക്കപ്പെട്ടപ്പോൾ അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും വിസ്മയഭരിതരായി. 


മാട്ടൂൽ റിവ്‌സ് നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയും പ്രവാസി കുടുംബാംഗവുമായ ഫിൽസ ഫാത്തിമയാണ് ഈ വിസ്മയം തീർത്ത് ശ്രദ്ധേയമായിരിക്കുന്നത്. പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ സെമി ഗവൺമെന്റ് ഉദ്യോഗസ്ഥനുമായ ഫാരിസ് അബ്ബാസിന്റെയും മാട്ടൂൽ സ്വദേശിനി നജിയ്യയുടെയും മകളാണ് കമല സുരയ്യയുടെ വേഷമിട്ട ഫിൽസ. സഹോദരങ്ങളായ ഫാഹിം, നാമിയ എന്നിവരും ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.


കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന്റെ വിരസതയകറ്റുന്നതിനായാണ് കലാസാഹിത്യ മത്സരങ്ങൾ ആവിഷ്‌കരിച്ചിരുന്നത്. 'റിവ്‌സ് എൻജെ ഫിയസ്റ്റ' എന്ന പേരിലാണ് ഈ ഓൺലൈൻ മത്സരങ്ങൾ നടന്നത്. റിവ്‌സ് ഗ്രൂപ്പിലെ നിവേദിതയാണ് ഇത് വിഭാവന ചെയ്തത്. പാട്ടും ഡാൻസും ചിത്ര രചനയും കഥാരചനയും ഫാൻസി ഡ്രസ്സുമെല്ലാം ഓരോ ദിവസങ്ങളിലെ മത്സരങ്ങളായി. പ്രത്യേക മാർക്കിനു പുറമെ, വിജയികളെ സ്‌കൂൾ ഗ്രൂപ്പിലും ക്ലാസ് ഗ്രൂപ്പിലും പ്രഖ്യാപിക്കുകയും ഇവർക്കു പിന്നീട് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. മഹാമാരിക്കിടയിൽ നാട്ടിലെത്താതെ മണലാരണ്യങ്ങളിൽ കഴിയുന്ന കുടുംബ നാഥന്മാർക്കു തങ്ങളുടെ പിഞ്ചുമക്കൾ കാഴ്ച്ച വച്ച പ്രകടനങ്ങൾ ആശ്വാസവാക്കുകൾക്കുമപ്പുറമാണ്. പലരും ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നുണ്ട്. കുഞ്ഞു കലാകാരന്മാരുടെ പ്രകടനങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 


സ്‌കൂൾ പ്രിൻസിപ്പൽ ആശാ മേനോന്റെ നേതൃത്വത്തിൽ അധ്യാപകരായ ഗീത, പ്രിയങ്ക, സജ്‌ന, ഷർഹാസ് എന്നിവർക്കായിരുന്നു  മത്സരങ്ങളുടെ ചുമതല.