Latest News

ഹോമിയോപതി ചികിത്സ എന്നും ഫലപ്രദം - ഡോ കെ .പി .അക്ബർ

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലമാണിത് . Disease of civilisation എന്ന് വിശേഷിപ്പിക്കുന്ന ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം ജനങ്ങളുടെ ജീവിത രീതിയിൽ വന്ന മാറ്റം തന്നെയാണ്,പ്രത്യേകിച്ചു ഭക്ഷണ രീതി. എന്തും വാരി വലിച്ചു തിന്നുന്ന സ്വഭാവമാണ് ഈ കാലഘട്ടത്തിന്റെ ഒരു സവിശേഷത. മാനസിക പിരിമുറുക്കവും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു . അല്പമൊന്നു ശ്രദ്ധിച്ചാൽ പരിഹരിക്കാനാവുന്നതാണ്  ഇതെന്ന് പ്രമുഖ ഡോക്ടർ കെ.പി. അക്ബർ പറയുന്നു .ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കൂട്ടുകുടുംബ സമ്പ്രദായം മാറി അണുകുടുംബങ്ങളായി ജീവിതം ഫ്ലാറ്റുകളിൽ ഒതുങ്ങിയതോടെ പഴയ തലമുറകളുടെ ഉപദേശ നിർദേശങ്ങൾ ലഭിക്കാതെയായി.

തിരക്കിട്ട ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ വീട്ടിൽ ഭക്ഷണം പോലും ഉണ്ടാകാൻ സമയമില്ലാതായിരിക്കുകയാണ് മലയാളികൾക്ക്. അതാണ് ജീവിത ശൈലി രോഗങ്ങൾ അടുത്തിടെ വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്.എരിവും പുളിയും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ (SPICY FOOD ) ഏവർക്കും പ്രിയങ്കരമാണ്. സദാസമയവും നഗരത്തിൽ തുറന്നു കിടക്കുന്ന ഫാസ്റ്റ് ഫുഡ് കടകളിൽ അത് കൊണ്ട് തന്നെ തിരക്കൊഴിഞ്ഞ നേരവുമില്ല. ഈ ഭക്ഷണ രീതിയാണ് പതിവക്കുന്നതെങ്കിൽ സംശയിക്കേണ്ടതില്ല നിങ്ങൾ ഒരു രോഗിയായി മാറുമെന്നു ഡോക്ടർ അക്ബർ പറയുന്നു. കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, പ്രമേയം തുടങ്ങിയവയാണ് പ്രധാന ജീവിത ശൈലി രോഗങ്ങൾ .

ഇന്ന് വലിയൊരു ശതമാനം ജനങ്ങൾ സമ്മർദങ്ങൾക്ക് അടിമപെട്ട് കൊണ്ടിരിക്കുകയാണ്. അത് ജോലിയാകട്ടെ, കുടുംബ കാര്യമാകട്ടെ എന്തായാലും മാനസിക പിരിമുറുക്കം ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തുകയാണ്. ഇത്തരം കാര്യങ്ങൾ നമ്മളറിയാതെ നമ്മെ രോഗാവസ്ഥയിലെത്തിക്കും. മാനസിക സമ്മർദം മൂലം മുതിർന്നവരിലാണ് രോഗങ്ങൾ കൂടുതലായി കാണപെടുന്നത്. സമ്മർദങ്ങളിൽ നിന്ന് രക്ഷപെടാനാണ് മദ്യപാനവും പുകവലിയും ശീലമാക്കുന്നതെന്നു അവകാശപെടുന്നവർ ഓർക്കുക ഇത്തരം ദുശ്ശീലങ്ങൾ നിങ്ങളെ നിത്യ രോഗികളാക്കും. യുവാക്കൾക്ക് പുറമേ കുട്ടികളിലും ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വർധിക്കുന്നതായി കണക്കുകൾ സൂചിപിക്കുന്നു. പഴയ തലമുറകൾ ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും ഒരു അളവ് വരെ അത് നിയന്ത്രണവിധേയമായിരുന്നു. അല്പമൊന്നു ശ്രദ്ധിച്ചാൽ ഇത്തരം ദുശ്ശീലങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്ന് പറയുമ്പോൾ അതൊരു ബുദ്ധിമുട്ടായി തോന്നേണ്ട കാര്യമില്ല. കൃത്യമായ ഭക്ഷണ രീതി, ചിട്ടയായ വ്യായാമം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയാൽ നിങ്ങൾ എന്നും പൂർണ ആരോഗ്യ മുള്ളവരായിരിക്കും . പഴ വർഗങ്ങളും പച്ചകറികളും ഭക്ഷണത്തിൽ ഉൾപെടുത്തുക. വ്യായാമമെന്നു പറഞ്ഞാൽ ആഴ്ചയിൽ മൂന്നു ദിവസം കൊണ്ട് അഞ്ചു കിലോമീറ്റർ ദേഹമനങ്ങി നടന്നാൽ മാത്രം മതിയാകുമെന്ന് ഡോക്ടർ കെ.പി. അക്ബർ അവകാശപെടുന്നു.മാനസിക സമ്മർദം ഒഴിവാക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും അല്പം ശാന്തരായിരിക്കുക. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സമ്മർദ്ദങ്ങളിൽ നിന്ന് വിട്ടു നില്ക്കുന്നത് ആരോഗ്യകരമായിരിക്കും.

കാൻസർ രോഗ ബാധ അടുത്ത കാലത്ത് കേരളത്തിൽ വ്യാപകമായിട്ട്  കണ്ടു വരുന്നുണ്ട്. ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റം ഇത്തരം മാരക രോഗങ്ങൾക്ക് കാരണമാകാറുണ്ട്. വയറിലുണ്ടാകുന്ന കാൻസർ ഇതിനൊരു ഉദാഹരണമാണ്. ഹോട്ടലിൽ നിന്നും മറ്റും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവർക്ക് വയറ്റിൽ അൾസർ പോലെയുള്ള രോഗങ്ങൾ കണ്ടു വരാറുണ്ട്. ഇത് ക്രമേണ കാൻസർ പോല്ലുള്ള മാരക രോഗങ്ങളായി രൂപപെടും. മദ്യവും, പുകയില ഉത്പന്നങ്ങളും,മലിനീകരണവും (അതായതു വാഹനത്തിൽ നിന്ന് പുറം തള്ളുന്ന പുക) കാൻസറിന് കാരണമാണ്. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കാസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നു പറഞ്ഞ ഡോക്ടർ തുടക്കത്തിലെ രോഗ ബാധ കണ്ടെത്തി കഴിഞ്ഞാൽ ഹോമിയോപതി ചികിത്സയിലൂടെ കാൻസർ ഭേദമാക്കാൻ കഴിയുമെന്നു അവകാശപെടുന്നു. ഇത് കൂടാതെ കാൻസർ ബാധിച്ച ഒരു രോഗിയുടെ അവശതകൾ മാറ്റാൻ ഹോമിയോ ചികിത്സയിലൂടെ സാധിക്കും. ഹോമിയോപതിയിലൂടെ എല്ലാ കാൻസർ ബാധകളും പൂർണമായി മാറ്റാൻ കഴിയുമെന്നു അവകാശപെടുന്നില്ലെങ്കില്ലും, ഹോമിയോപതി,അലോപതി,ആയുർവേദം എന്നീ വിഭാഗങ്ങൾ ഒന്നിച്ചു ചികിത്സ നടത്തിയാൽ വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും ഡോ:കെ.പി. അക്ബർ അവകാശപെടുന്നു. ഇത്തരത്തിൽ സമ്മിശ്ര ചികിത്സ കാസർകോഡ് മന്ത് രോഗത്തെ പ്രധിരോധിക്കുന്നതിനു നടക്കുന്നുണ്ട്.

ഹോമിയോപതി ഔഷധങ്ങൾ അലോപതി മരുന്നുകളെ പോലെ ഫലപ്രദമല്ലെന്ന സമൂഹത്തിന്റെ ആശങ്ക തെറ്റിധാരണ കൊണ്ട് മാത്രമാണെന്നും ഡോക്ടർ വിശദീകരിക്കുന്നു. ഹോമിയോ ചികിത്സയുടെ കാര്യത്തിൽ ജനങ്ങൾ അത്ര ബോധവാൻ മാരായിരുന്നില്ല കുറച്ചു നാളുകൾക്ക് മുൻപ് വരെ,എന്നാൽ ഇപ്പോഴത് മാറി. പലരും കരുതിയത് ഹോമിയോപതിയിൽ വേദന സംഹാരികൾ ഇല്ലെന്നാണ്. കടുത്ത വയറു വേദനയുമായി വരുന്ന ഒരാൾക്ക് സാധാരണ മരുന്ന് കൊടുത്തിട്ടു കാര്യമുണ്ടോയെന്നു ചോദിച്ച ഡോക്ടർ, അസഹനീയമായ വേദനയുമായി വരുന്ന രോഗിക്ക് വേദനസംഹാരി തന്നെയാണ് നൽകാറുള്ളതെന്നും പറഞ്ഞു. അതേ സമയം കുട്ടികളിലാണ് മരുന്ന് വേഗത്തിൽ ഫലിക്കുക എന്നത് വസ്തുതയാണ്. അതിനു കാരണമുണ്ട്,കുട്ടികളുടെ ശരീരം പൂർണ ശുദ്ധിയുള്ളതാണ് . മറ്റു ദൂഷ്യങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ കുട്ടികളിൽ വേഗം ഹോമിയോ മരുന്ന് ഫലിച്ചു തുടങ്ങും. തലവേദന, ആസ്തമ ,അലർജി തുടങ്ങിയവയ്ക്കും, പഴയതും നീണ്ടു നില്ക്കുന്നതുമായ രോഗങ്ങൾക്കും ഏറ്റവും ഉത്തമ ചികിത്സ ഹോമിയോപതിയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. കൂടാതെ സന്ധി വേദനകൾക്കും ഈ ചികിത്സ വളരെയധികം ഫലപ്രദമാണ്.

പണ്ടൊക്കെ അലോപതി വിഭാഗം കിട്ടാതെ വരുമ്പോൾ മാത്രം തെരഞ്ഞെടുക്കുന്ന ഒന്നാണ് ഹോമിയോപതി പഠനം.എന്നാൽ ആ സ്ഥിതി ഇന്ന് മാറി കഴിഞ്ഞു. ഹോമിയോപതിക്ക് ആദ്യ പരിഗണന കൊടുത്തു വിദ്യാർഥികൾ കടന്നു വരികയാണ്. ഹോമിയോപതിയുടെ സാധ്യത സമൂഹം തിരിച്ചറിയുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിതെന്നും ഡോക്ടർ കെ.പി. അക്ബർ അഭിപ്രായപെടുന്നു.

ഹോമിയോപതിക്ക് പ്രചാരം നൽകുന്നതിനു കർമ്മ പദ്ധതികളുമായി ഹോമിയോപതി അസോസിയേഷനുകൾ സജീവമായി രംഗത്തുണ്ട്. എല്ലാ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് അസോസിയേഷന്റെ പ്രഥമ ലക്ഷ്യം. മെഡിക്കൽ ക്യാമ്പുകൾ സംഘടിപിച്ചു ഹോമിയോപതിയുടെ ആവശ്യം മനസിലാക്കികൊടുക്കുന്ന ദൗത്യവും വിജയകരമായി നടന്നു വരുന്നുണ്ട്.ഹോമിയോപതിയുടെയും അലോപതിയുടെയും ചികിത്സ രീതി തന്നെ രണ്ടു തരത്തിലാണ്.ഹോമിയോപതി ചികിത്സ - TREAT THE MAN IN DISEASE . അലോപതി ചികിത്സ - TREAT THE DISEASE IN MAN.ഹോമിയോപതിയിൽ വ്യാജ ചികിത്സകർ കടന്നു വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. അസോസിയേഷൻ ശക്തമായി, വ്യാജൻമാരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ രാഷ്ട്രീയക്കാരും വ്യാജൻമാർക്കു അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നത്. വ്യാജൻമാരെ തടയാൻ സമഗ്രമായ മെഡിക്കൽ ബിൽ പാസ്സാക്കണമെന്നാണ് അസോസിയേഷന്റെ ആവിശ്യം.