Latest News

അന്ത്യസ്ഥിതിയിലായ വൃക്കരോഗം ജീവിതത്തിന്റെ അന്ത്യമല്ല

ഡോ.ബിജോയ്‌ ആന്റണി
MBBS,MD,DNB,DM (Nephrology)



വൃക്കകളുടെ പ്രവർത്തനങ്ങൾ എന്തെല്ലാം?


1.ശരീരത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളുക 
2.ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക 
3.ശരീരത്തിലെ അമ്ല-ക്ഷാര അളവ് നിയന്ത്രിക്കുക 
4.ശരീരത്തിലെ ലവണങ്ങളുടെ അളവ് നിയന്ത്രിക്ക്കുക 
5.ശരീരത്തിൽ രക്തം ഉൽപാദിപ്പിക്കുന്നതിനെ സഹായിക്കുക 
6.വിവിധ ഹോർമോണുകൾ ഉൽപാദിപ്പിക്കുക


വൃക്കസ്തംഭനം എന്നാൽ എന്ത് ?

വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തി,ശരീരത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്.മാലിന്യങ്ങൾ പുറന്തള്ളുന്ന പ്രവർത്തി വൃക്കകൾ ശരിയായി ചെയ്യാതിരിക്കുന്ന അവസ്ഥയാണ് വൃക്ക സ്തംഭനം.വൃക്കകളുടെ മറ്റു ധർമ്മങ്ങളും ഇക്കൂട്ടത്തിൽ കുറയാം.ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾമൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ,വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ രക്തത്തിൽ കൂടുകയും അത് മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും അങ്ങനെ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും.


വൃക്കസ്തംഭനം എത്രതരം?

പാമ്പുകടി,എലിപ്പനി,വിഷ വസ്തുക്കളുടെ ഉപയോഗം,ശരീരത്തിലെ അണുബാധ,വയറിളക്കം,ഛർദ്ദി മൂലം ശരീരത്തിലെ ജലാംശം കുറയുക,രക്തസമ്മർദ്ദം കുറയുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയാം.അതിനു പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനം(acute renal failure) എന്ന് പറയുന്നു.

പ്രമേഹം,രക്താതിസമ്മർദ്ദം,വിവിധ രോഗങ്ങൾ തുടങ്ങിയ കാരണങ്ങൾകൊണ്ട് വൃക്കകളുടെ പ്രവർത്തനം ക്രമേണ നഷ്ടപ്പെടാം. ഇതിന് സ്ഥായിയായ വൃക്കസ്തംഭനം (chronic renal failure) എന്ന് പറയുന്നു.

ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് വച്ചാൽ,പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനം സുഖപ്പെടുത്താൻ സാധ്യതയുള്ള വൃക്ക സ്തംഭാനമാണ്.സ്ഥായിയായ വൃക്കസ്തംഭനം മൂന്ന്മാസത്തിൽ കൂടുതൽ കാലം വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയാണ്.വൃക്കകൾക്ക് സ്ഥിരമായി തകരാറ് സംഭവിച്ചുകഴിഞ്ഞാൽ അത് ഒരിക്കലും സുഖപ്പെടുത്താൻ സാധിക്കുകയില്ല.അവരുടെ രോഗം മൂർച്ഛിക്കുന്നത് തടയാനാണ് മരുന്നുകൾ നൽകുന്നത്.

ഒരു രോഗിക്ക് വൃക്കസ്തംഭനം ഉണ്ടായാൽ ശരിയായ വിദഗ്ധ പരിശോധനകൾ നടത്തി അതിന്റെ കാരണം കഴിയുന്നതും വേഗം കണ്ടെത്തണം.പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനമാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചേക്കാം.മൂന്നുമാസത്തിൽ കൂടുതൽ വൃക്കസ്തംഭനം നിലനിന്നാൽ അത് പിന്നീട് ഒരിക്കലും ഭേദമാക്കാൻ സാധിക്കുകയില്ല.അത്കൊണ്ട് വൃക്കസ്തംഭനം ഉണ്ടായാൽ കഴിയുന്നതും വേഗം പരിശോധനകൾ നടത്തി വേണ്ട ചികിത്സകൾ എടുക്കുകയും വേണം.


വൃക്കസ്തംഭനം എങ്ങനെ തിരിച്ചറിയാം?

നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ വൃക്കകളുടെ പ്രവർത്തനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ മാലിന്യങ്ങളുടെ അളവ് വർധിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും.നമ്മുടെയിടയിൽ 10% പേർക്ക്(അതായത് പത്തുപേരിൽ ഒരാൾക്ക്) ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വൃക്കരോഗം ഉണ്ടെങ്കിലും വൃക്കസ്തംഭനം ഉണ്ടാകണമെന്ന് നിർബന്ധമില്ല.


വൃക്കസ്തംഭന ലക്ഷണങ്ങൾ

വൃക്കസ്തംഭനമുണ്ടായാൽ പോലും നേരത്തെയുള്ള അവസ്ഥയിൽ രോഗലക്ഷണങ്ങൾ ഒന്നും കാണുകയില്ല. വൃക്കസ്തംഭനത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി കണ്ടു തുടങ്ങുന്നത് വൃക്കകളുടെ പ്രവർത്തനം ഏകദേശം എഴുപത് ശതമാനത്തോളം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ്.വിശപ്പില്ലായ്മയും ക്ഷീണവുമാണ് വൃക്കസ്തംഭനത്തിന്റെ ആദ്യലക്ഷണങ്ങൾ. നടക്കുമ്പോഴും ജോലിചെയ്യുമ്പോഴും കിതയ്ക്കുക,ഛർദ്ദിക്കുക,ഓക്കാനം വരിക,കാലിന് നീര്,മുഖത്ത് നീര്,മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക,ശ്വാസംമുട്ടൽ,ഓർമക്കേട്,ബോധക്കേട്,ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയും ചെയ്യും.മൂർദ്ധന്യാവസ്ഥയിൽ മരണംവരെ സംഭവിക്കാം.


വൃക്കസ്തംഭനം എങ്ങനെ തിരിച്ചറിയാം?

നമ്മുടെ ശരീരത്തിൽ വിവിധ പ്രവർത്തനങ്ങൾ മൂലം ഉൽപാദ്ദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറത്തേക്കു കളയുകയാണ് വൃക്കകൾ ചെയ്യുന്നത്.ഇങ്ങനെ വൃക്കകളിലൂടെ പുറന്തള്ളപ്പെടെണ്ട രണ്ടു മാലിന്യങ്ങളാണ് urea,creatinine എന്നിവ.


വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ രക്തത്തിൽ urea, creatinine എന്നീ മാലിന്യങ്ങളുടെ  അളവ് നോക്കിയാൽ അത് വർദ്ധിക്കുകയാണെങ്കിൽ രോഗിയുടെ വൃക്കകളുടെ പ്രവർത്തനം കുറവാണെന്ന് മനസ്സിലാക്കാം.രക്തത്തിൽ urea, creatinine ന്റെ അളവ് വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന് ആനുപാതികമായി വർദ്ധിച്ചുകൊണ്ടിരിക്കും.


ആർക്കൊക്കെയാണ് വൃക്കരോഗ സാധ്യത കൂടുതൽ?

1.പ്രമേഹ രോഗികൾ (diabetes mellitus)
2.രക്താതി സമ്മർദ്ദം   (hypertension) 
3.അമിതവണ്ണം             (over weight)
4.പുകവലിക്കുന്നവർ 
5.50 വയസിന് മുകളിൽ പ്രായമുള്ളവർ 
6.വൃക്കരോഗികളുടെ കുടുംബത്തിൽപെട്ടവർ 
7.സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ.(രോഗങ്ങൾക്കോ അല്ലാത്ത കാര്യങ്ങൾക്കോ)


അന്ത്യസ്ഥിതിയിലായ വൃക്കരോഗം ജീവിതത്തിന്റെ അന്ത്യമല്ല 

നമ്മുടെ ജീവന നിലനിർത്തുന്നതിന് അത്യാവശ്യമായ അവയവങ്ങളാണ് വൃക്കകൾ.എന്നാൽ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലച്ചാൽ പോലും രോഗികളുടെ ജീവൻ നിലനിർത്തുവാൻ സാധിക്കും.

അന്ത്യസ്ഥിതിയിലായ വൃക്കരോഗികൾക്ക് മൂന്നു ചികിത്സരീതികൾ ലഭ്യമാണ്

1.വൃക്ക മാറ്റിവയ്ക്കൽ (kidney transplantation)
2.ഹീമോ ഡയാലിസിസ് 
3.പെരിട്ടോണിയൽ ഡയാലിസിസ് 


വൃക്കസ്തംഭനം എങ്ങനെ തടയാം?

1.ചുറുചുറുക്കും ആരോഗ്യവും നിലനിർത്തുക
2.നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുക
3.രക്തസമ്മർദ്ദം പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക 
4.ആരോഗ്യകരമായ ഭക്ഷണശീലത്തോടൊപ്പം ശരീരഭാരം നിയന്ത്രിക്കുക 
5.ശരീരത്തില ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക 
6.പുക വലിക്കരുത് 
7.അനാവശ്യമായി മരുന്നുകൾ ഉപയോഗിക്കരുത് 
8.വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുക.