Latest News

കണ്ണൂര്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര പഠനവിഭാഗത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം നടന്നു

കണ്ണൂർ; വിദേശ രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സൃഷ്ടിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി രൂപീകരിച്ച അന്താരാഷ്ട്ര പഠനവിഭാഗത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തനതു വിദ്യകളായ ആയുര്‍വേദം,പച്ചമരുന്നുകള്‍,യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് വിദേശരാജ്യങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ ബിരുദാനന്തരബിരുദ,ഗവേഷണ കോഴ്‌സുകളില്‍ അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനായാണ് പഠനവിഭാഗം രൂപീകരിച്ചത്.സാധാരണ കോഴ്‌സുകളോടൊപ്പം യോഗ, കര്‍ണാടക സംഗീതം,പച്ചമരുന്നു ഗവേഷണം തുടങ്ങിയവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പഠനവിഭാഗത്തില്‍ നടത്തുമെന്ന് ഡയരക്ടര്‍ ഡോ.പി ടി രവീന്ദ്രന്‍ അറിയിച്ചു.എല്ലാ പിജി കോഴ്‌സുകളിലും കുറഞ്ഞത് രണ്ടു സീറ്റുകള്‍ കൂടുതലായി അനുവദിച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവയ്ക്കും.ഇവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട നിയമാവലികള്‍ക്ക് സര്‍വകലാശാല അംഗീകാരം നല്‍കി. മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കായി മികച്ച നിലവാരത്തിലുള്ള ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.ചടങ്ങില്‍ വിസി ഡോ. എം കെ അബ്ദുല്‍ ഖാദര്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ ഗംഗാധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.