Latest News

'പണ്ട് പണ്ടൊരു പഴയിടം' ആൽബം ശ്രദ്ധേയമാവുന്നു

സംസ്ഥാന യുവജനോത്സവം നടക്കുമ്പോൾ എന്നും മത്സര ഇനങ്ങളോടൊപ്പം എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. വേദികളിൽ മത്സരങ്ങൾ അരങ്ങു തകർക്കുമ്പോൾ അടുക്കള പുരയിൽ മറ്റൊരു കലാകാരൻ ഒറ്റയാൾ മത്സരത്തിന് ഇറങ്ങീട്ടുണ്ടാകും. കലാപ്രതിഭകളെ പോലെ തന്നെ പേരെടുത്ത പ്രശസ്തനായ പാചക വിദഗ്ദൻ. പ്രതിഭകളുടെ പേര് മറന്നാലും ഈ പേര് ആരും മറക്കാനിടയില്ല. അതാണ് പഴയിടം മോഹനൻ നമ്പൂതിരി. കൗമാര കലയുടെ മാമാങ്കമെന്നറിയപ്പെടുന്ന യുവജനോത്സവ വേദികളിൽ പതിനായിരങ്ങളെ ഊട്ടിയ വലിയ പാചകക്കാരൻ. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്തുള്ള ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'പണ്ടുപണ്ടൊരു പഴയിടം' എന്ന ആൽബം പുറത്തിറങ്ങി കഴിഞ്ഞു. ആത്മഗതാഗതമായ ജീവിതയാത്രയുടെ ദൃശ്യാവിഷ്‌കാരം പഴയിടത്തിന്റെ ജന്മനാടായ കോട്ടയത്താണ് ചിത്രീകരിച്ചത്. ഏഴ് മിനിറ്റും 24 സെക്കന്റും ദൈർഘ്യമുള്ള ആൽബത്തിൽ പഴയിടത്തിന്റെ സ്കൂൾ പശ്ചാത്തലമാണ്. നീണ്ട മണിയൊച്ച മുഴങ്ങുമ്പോൾ തുടങ്ങുന്ന സ്കൂൾ ജീവിതത്തിൽ പഴയിടത്തിന്റെ കൂട്ടുകാരുമൊത്തുള്ള മഷി ഉണങ്ങാത്ത ഓർമകളിലെ രസകരമായ ചില മുഹൂർത്തങ്ങൾ ആൽബത്തിൽ കോർത്തിണക്കിയിട്ടുണ്ട്. പാചക കലയുടെ വലിയ കലാകാരൻ അങ്ങനെ ഒരിക്കൽ കൂടി ജനഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മാധ്യമപ്രവർത്തകയായിരുന്ന ശ്യാമ മോഹനാണ്. കവിത രചിച്ചത് രാജേഷ് മോഹനും ആലാപനം ജയൻ പൊയ്യാഞ്ഞിയിലും ആണ്. പശ്ചാത്തല സംഗീതം ശശി കുമാറും നിർവഹിച്ചു. ഛായാഗ്രഹണവും എഡിറ്റിങ്ങും ബാസിൽ ആനശേരിയുമാണ് നിർവഹിച്ചത്.