Latest News

പ്രേക്ഷരെ ചിരിപ്പിച്ച മാള ഇനി ഓർമ

നീട്ടിയും കുറുക്കിയുമുള്ള സംഭാഷണശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൈയ്യിലെടുത്ത മാള അരവിന്ദൻ അരങ്ങൊഴിഞ്ഞു.എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിന്‍ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠിപ്പിക്കാൻ ചേർത്തു. 


ജോലിക്കായി അമ്മ മാളയില്‍ വന്നു താമസമാക്കിയതോടെയാണ് അരവിന്ദന്‍,മാള അരവിന്ദന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.ഓസ്‌കാര്‍ മിമിക്‌സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. 12 വര്‍ഷം നാടകത്തിലും 40 വര്‍ഷം സിനിമയിലും പ്രവര്‍ത്തിച്ചു.650 ലേറെ സിനിമകളില്‍ അഭിനയിച്ചു. അന്നമട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്.കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവര്‍ത്തിച്ചത്.സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1976 ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ പി.ചന്ദ്രകുമാറാണ് ആദ്യമായി സിനിമയില്‍ വേഷം നല്‍കിയത്.എണ്‍പതുകളില്‍ മലയാള സിനിമയിൽ ഒരു മാള തരംഗം തന്നെ ഉണ്ടായിരുന്നു.പപ്പു,മാള,ജഗതി എന്ന പേരില്‍ ഒരു സിനിമ തന്നെ പുറത്തിറങ്ങി.മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ നീയറിഞ്ഞോ മേലേ മാനത്ത് എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

Image title



ഹാസ്യത്തിനൊപ്പം നിരവധി ക്യാരക്ടര്‍ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.2013 ല്‍ പുറത്തിറങ്ങിയ ഗോഡ് ഫോര്‍ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. മിമിക്‌സ്പരേഡ്, കന്മദം, അഗ്നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കര്‍, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവന്‍, മഹായാനം, പട്ടാളം, സേതുരാമയ്യര്‍ സി.ബി.ഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികന്‍. സന്ദേശം, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ചിത്രങ്ങളിലെ മാള അരവിന്ദന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.