Latest News

ഇനി മൾട്ടിപ്ലക്സ് തീയറ്ററുകളുടെ കാലം

കണ്ണൂർ -നർമ്മങ്ങളടങ്ങിയ ഒട്ടേറെ കുടുംബചിത്രങ്ങൾ,ആക്ഷൻ ത്രില്ലറുകൾ,പ്രണയചിത്രങ്ങൾ,അവാർഡ് സിനിമകൾ,അങ്ങനെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കുറേയേറെ ചിത്രങ്ങൾക്ക് സിനിമശാലയുമായി അഥവാ തീയറ്ററുമായി അഭേദ്യമായ ബന്ധമുണ്ട്.തീയറ്ററുകളിൽ പോയി സിനിമ കാണുക എന്നത് സാധാരണക്കാർ തൊട്ട് സമ്പന്നർവരെയുള്ളവർക്ക് ഒരു ഹോബിയാണ്.ബോക്സ്ഓഫീസ് ഹിറ്റുകളായ സിനിമയുടെ പിന്നിൽ വൻ പ്രേക്ഷകപങ്കാളിത്തമുണ്ട് എന്നത് ഒരു വസ്തുതയാണ്.ഒരു തലമുറയിലെ താരങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ കണ്ടാസ്വദിച്ച മലയാളികൾ ആ താരങ്ങളുടെ മക്കളായ പുതുതലമുറക്കാരുടെ സിനിമകൾ വരെ തീയറ്ററുകളിലെത്തി കാണുന്നത് നാട്ടിൽ ഒരു തീയറ്റർ സംസ്ക്കാരം രൂപപ്പെട്ടിട്ടുണ്ട് എന്നതിന് ഒരു തെളിവാണ്.തീയറ്ററുകൾ എന്നും പ്രേക്ഷകർക്ക് ഇഷ്ടതാവളം തന്നെയാണ് അത് ചിരിച്ചു മതിമറക്കാനായാലും, കരഞ്ഞു കണ്ണീർപൊഴിക്കാനായാലും.പുതിയ പടം റിലീസ് ചെയ്യുന്ന ദിവസം തീയറ്റർ എന്നും ഹൗസ്ഫുള്ളായിരിക്കും.പടം നിലവാരം പുലർത്തുന്നതാണെങ്കിൽ പിന്നീടങ്ങോട്ട്തീയറ്ററുകളിൽ പ്രേക്ഷകർ ഒഴുകി തുടങ്ങും.ഒരുനാൾ 'ദ കിംഗ്' ലെ മമ്മൂട്ടിയുടെയും 'കമ്മീഷണർ' ലെ സുരേഷ്ഗോപിയുടെയും,'കിലുക്കം' സിനിമയിലെ മോഹൻലാലിന്റെയും ആവേശംകൊള്ളിക്കുന്നതും, ഹൃദയത്തിൽ തൊടുന്നതുമായ സംഭാഷണങ്ങൾ മുഴങ്ങികേട്ടതും ഇത്തരം തീയറ്ററുകളിൽ തന്നെയാണ്.കാലം കടന്നു പോയിട്ടും,ഇന്നും ആ ഡയലോകുകൾ നമ്മുടെ മനസുകളിൽ മായാതെ കിടക്കുന്നു ഒപ്പം പടം കളിച്ച തീയറ്ററും നമ്മൾ ഓർക്കുന്നു.

നല്ല കഥകളുള്ള സിനിമയില്ലാത്തത് കൊണ്ടോ, തീയറ്റർ അന്തരീക്ഷം മോശമായത് കൊണ്ടോ,എന്താണെന്നറിയില്ല ഇടക്കാലത്ത് തീയറ്ററുകളിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു.ഒട്ടുമിക്ക തീയറ്ററുകളും അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് വരെയെത്തി.പല തീയറ്ററുകളും സ്മാരകങ്ങളായി മാറി.ഇതിനിടയിൽ ഇഷ്ട താരങ്ങളുടെ സിനിമ ഇറങ്ങുമ്പോൾ തീയറ്ററുകൾ ഹൗസ്ഫുള്ളായും അല്ലാതെയും തട്ടിമുട്ടി പോയി.അപ്പോഴാണ് തീയറ്റർ അടഞ്ഞ അധ്യായമല്ലെന്ന് തെളിയിച്ചു കൊണ്ട് മോഹൻ ലാലിന്റെ ദൃശ്യം സിനിമ റിലീസായത്.പടം ബോക്സ്ഓഫീസ് ഹിറ്റ്,തീയറ്ററുകളിൽ പ്രേക്ഷകർ ഒഴുകിയെത്തി.ഈ അടുത്ത് വരെ തീയറ്ററുകളിലോടിയ ദൃശ്യം സിനിമക്ക് ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.സിനിമകൾ വിജയിക്കുന്നതിന് പിന്നിൽ പ്രേക്ഷകരാണ്.ആ പ്രേക്ഷകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കുന്നത് തീയറ്ററുകളാണ്.അവിടെയാണ് തീയറ്റർ സംസ്ക്കാരം എന്താണെന്ന് നമ്മൾ തിരിച്ചറിയുന്നത്

മുറുക്കിതുപ്പിയും,സീറ്റുകൾ കീറിയും,കൂക്കി വിളിച്ചും,അസഭ്യം പറഞ്ഞും,എല്ലാ നല്ല തീയറ്ററുകളിലും സിനിമ കാണുന്ന ചെറിയ ഒരു വിഭാഗമുണ്ട്.ഇപ്പോഴും നമ്മൾ ഇവരെ സിനിമശാലകളിൽ കാണാറുണ്ട്.ഇവരുടെ ശല്യം സഹിക്കവയ്യാതെ തീയറ്ററുകളിൽ നിന്ന് ഇറങ്ങിയോടിയ പ്രേക്ഷകർക്ക് ഒരു കാര്യത്തിൽ ഉറച്ച അഭിപ്രായമുണ്ട് 'തീയറ്റർ സംസ്ക്കാരം മാറേണ്ടതുണ്ട്'. വർണ്ണവെളിച്ചത്താൽ അലങ്കരിക്കപ്പെട്ട അകത്തളം,ഇരിപ്പിടങ്ങളുടെ നടുവിലൂടെ ഒഴുകുന്ന നീർചാലുകൾ,ഡോൾബി ഡിജിറ്റൽ സൗണ്ട്സിസ്റ്റം,മനോഹരമായ ഇരിപ്പിടങ്ങൾ,നല്ല തണുത്ത അന്തരീക്ഷം,അങ്ങനെ കണ്ണൂരിൽ ആദ്യമായി മൾട്ടിപ്ലക്സ് തീയറ്റർ സംസ്ക്കാരത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് 'സവിത ഫിലിം സിറ്റി'. ഇതിനകം തന്നെ കണ്ണൂരിൽ പ്രശസ്തി നേടിയ തീയറ്ററാണ് സവിത.പ്രൊപ്രൈറ്റർ കെ.ഇ.ജാസിന്റെ ഫിലിം സിറ്റിയിൽ സവിതയൊഴികെ,സമുദ്ര,സരിത,സാഗര ഇതെല്ലാം ഇപ്പോൾ മൾട്ടിപ്ലക്സ് തീയറ്ററുകളാണ്.മൂന്നും വ്യത്യസ്ത ഡിസൈനുകളിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇനിയും ഈ സുഖം അനുഭവിക്കാത്തവരുണ്ടെങ്കിൽ വൈകരുത് ഉടൻ പടന്നപ്പാലത്തുള്ള ഫിലിം സിറ്റിയിലേക്ക് ഓടിക്കോളു.നിങ്ങളെ ശല്ല്യംചെയ്യാൻ ഇവിടെ ആരുമുണ്ടാകില്ല.സിനിമയിലെ വില്ലൻമാരല്ലാതെ,യഥാർത്ഥ വില്ലൻമാരെ നിരീക്ഷിക്കാൻ ക്യാമറ കണ്ണുകൾ പതിയിരിപ്പുണ്ട്.

ഫഹദ് ഫാസിലിന്റെ 'ഇയ്യോബിന്റെ പുസ്തകം'വിനീത് ശ്രീനിവാസന്റെ 'ഓർമ്മയുണ്ടോ ഈ മുഖം' റിലീസായ ദിവസം ടിക്കറ്റ് വില 100 രൂപയാണെന്ന് കേട്ട് ഞെട്ടിയെങ്കിലും സിനിമ കണ്ടിറങ്ങിയപ്പോൾ നഷ്ടമായില്ലെന്ന് ആദികടലായി സ്വദേശി ബിജേഷ് ബാലകൃഷ്ണൻ.എല്ലാ പടങ്ങളും റിലീസാവുന്ന ദിവസം തീയറ്ററിൽ പോകുന്ന ബിജേഷ് ഒന്നുകൂടി പറഞ്ഞു 'ആ ആംബിയൻസ് കലക്കിയിട്ടുണ്ട്'. 

നടുവിലുള്ള നീർച്ചാലുകൾ ആകർഷകമാണ്,ടൗണിൽ കട നടത്തുന്ന കിഴുത്തള്ളി സ്വദേശി പറയുന്നത് തീയറ്റർ ഇങ്ങനെ യായിരിക്കണമെന്നാണ്.
കണ്ണൂരിൽ ആദ്യമായി മൾട്ടിപ്ലക്സ് തീയറ്ററിന് തുടക്കമിട്ട പ്രൊപ്രൈറ്റർ ജാസിന് നന്ദി പറയുകയാണ് ഡോക്ടർ അനുപമ.ഇത് എല്ലാവർക്കും ഇഷ്ടമാകും,മനോഹരമായ അന്തരീക്ഷം.
കൂടുതലൊന്നും പറയാനില്ല,കാണാത്തവരുണ്ടെങ്കിൽ ഒന്നു വന്ന് കാണണമെന്ന അഭിപ്രായമേ തനിക്കുള്ളു ബാങ്കുദ്യോഗസ്ഥൻ സന്ദീപ് പവിത്രൻ പറയുന്നു.
കൂക്കി വിളിക്കാനൊന്നും തോന്നുന്നില്ല ഇപ്പോൾ.ഒരു പേപ്പർ കഷണം പോലും ഇടാൻ കഴിയില്ല തീയറ്ററിനുള്ളിൽ കോളേജ് വിദ്യാർഥികളായ നദീം,ശ്രീരാഗ്,സീശാൻ,ശ്രുതി,ആതിര എന്നിവർ പറയുന്നു. 75 രൂപ ടിക്കറ്റാണ് മുന്നിലുള്ള വരിയിൽ. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല,സിനിമ കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോൾ,അടുത്ത ഷോ കാണാൻ വേണ്ടി തീയറ്ററിനുള്ളിൽ വീണ്ടും നീണ്ടനിര.'ഇനി മൾട്ടിപ്ലക്സ് തീയറ്ററുകളുടെ കാലം'.