Latest News

ദക്ഷിണാമൂര്‍ത്തിസ്വാമിക്കു കണ്ണൂരില്‍ സ്മാരകമൊരുങ്ങുന്നു

കണ്ണൂര്‍ - ആസ്വാദക മനസ്സുകളില്‍ ശുദ്ധ സംഗീതത്തിന്റെ തേന്‍ മഴ പൊഴിയിച്ച നാദവിസ്മയം ദക്ഷിണാമൂര്‍ത്തിസ്വാമിക്കു കണ്ണൂരില്‍ ഉചിതമായ സ്മാരകമൊരുങ്ങുന്നു. സ്വാമിയുടെ പുരസ്‌കാരങ്ങള്‍ സൂക്ഷിച്ച പെരളശ്ശേരി മക്രേരി ക്ഷേത്രത്തോടു ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിക്കുന്നത്. ഒരു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിക്കു അന്തിമാനുമതി ലഭിച്ചു. മാസങ്ങള്‍ക്കു മുമ്പ് പദ്ധതിയുടെ രൂപ രേഖ തയ്യാറായെങ്കിലും സാങ്കേതിക കുരുക്കുകളില്‍ അകപ്പെട്ട് അനന്തമായി നീളുകയായിരുന്നു. മരണത്തിനു ഒരാഴ്ച മുമ്പും സ്വാമി, ഈ പദ്ധതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. 
തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ 2006 ലാണ് സ്വാമി, മക്രേരി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. ഇവിടെ പ്രത്യേകം മണ്ഡപം പണിത് ഇവ സംരക്ഷിക്കണമെന്നും പൊതു ജനങ്ങള്‍ക്കു കാണാന്‍ അവസരമൊരുക്കണമെന്നുമായിരുന്നു ആഗ്രഹം. ഇതിനായി ഒന്നര വര്‍ഷം മുമ്പു തന്നെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കി ബന്ധപ്പെട്ടവരുടെ അനുമതി തേടിയിരുന്നു. ഈ പദ്ധതിക്കു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായില്ല. ഏറ്റവുമൊടുവില്‍, 2012 ഡിസംബറില്‍ നടന്ന അഖണ്ഡ സംഗീത യത്‌നത്തില്‍ പങ്കെടുക്കാനെത്തിയ ദക്ഷിണാമൂര്‍ത്തി, ഇതിനെക്കുറിച്ച് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 
സംഗീത രംഗത്തിനു ലഭിച്ച മുഴുവന്‍ പുരസ്‌കാരങ്ങള്‍ക്കുമൊപ്പം, താന്‍ വര്‍ഷങ്ങളായി നിത്യപൂജ നടത്തിയിരുന്ന വൈക്കത്തപ്പന്റെ വിഗ്രഹവും സ്വാമി 2006 ല്‍ ദേവവിധി പ്രകാരമാണ് മക്രേരി ക്ഷേത്രത്തിനു സമര്‍പ്പിച്ചത്. ഇവിടെ സരസ്വതി മണ്ഡപം നിര്‍മ്മിച്ച് അവിടെയാണ് പുരസ്‌കാരങ്ങള്‍ സൂക്ഷിച്ചിരുന്നത്. മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്വാമിയുടെ ശിഷ്യന്‍ കൂടിയായിരുന്ന ലോകപ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയായിരുന്നു. വിവിധ സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ക്കു പുറമെ, മേഴത്തോള്‍ അഗ്നിഹോത്രി പുരസ്‌കാരം, സരസ്വതി ഗാന സഭ പുരസ്‌കാരം, ഗുരുവായൂരപ്പന്‍ ആഗാധനാ പുരസ്‌കാരം, കേരള ബ്രാഹ്മണ സഭ പുരസ്‌കാരം, തിരുവിതാമകൂര്‍ ദേവസ്വം ബോര്‍ഡ് പുരസ്‌കാരം, കുകറ പുരസ്‌കാരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍ ഇവയിലുണ്ട്. ഇതിനു പുറമെ, സ്വാമിയുടെ 51 ാം പിറന്നാളില്‍ ആരാധകര്‍ സമ്മാനിച്ച പുരസ്‌കാരവും സ്വാമിയും പത്‌നി കല്യാണി അമ്മാളും രചിച്ച കീര്‍ത്തനങ്ങളും അവയുടെ വിവരണങ്ങളും ഇവിടെയുണ്ട്. ഗ്രാനൈറ്റിലാണ് കീര്‍ത്തനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വന്തം ചെലവിലാണ് സ്വാമി ഈ മണ്ഡപം പണിതിരിക്കുന്നത്. പ്രധാന പുരസ്‌കാരങ്ങള്‍ തന്നെ എഴുപതിലധികം വരും. 
മക്രേരിയില്‍ തന്റെ പുരസ്‌കാരങ്ങളടങ്ങുന്ന ഒരു സാംസ്‌കാരിക കേന്ദ്രം എന്ന സ്വപ്നം ബാക്കി വെച്ചാണ് സംഗീത ചക്രവര്‍ത്തി യാത്രയായത്. ഈ സ്വപനം എത്രയും വേഗം സാക്ഷാത്ക്കരിക്കാന്‍ നിയമത്തിന്റെ നൂലാമാലകള്‍ തടസ്സമാവരുടെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ഥന.