Latest News

മേളപ്പെരുക്കത്തിന്റെ തമ്പുരാൻ

മട്ടന്നൂര്‍ എന്ന നാലക്ഷരം മേളത്തിന്റെ പര്യായമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വാദ്യകലയ്ക്കു പുതിയ ശൈലി നല്‍കുകയും ഈ കലയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്ത മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെന്ന ഈ പ്രതിഭാധനന്‍, തന്റെ ഓരോ പ്രകടനത്തെയും വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ്. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും, ലോകമറിയുന്ന കലാകാരനായി മാറിയിട്ടും നമ്മെ അല്‍ഭുതപ്പെടുത്തുന്ന വിനയത്തോടെ സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനായി ഇദ്ദേഹം ജീവിക്കുന്നു. താളത്തിലും ജീവിതത്തിലും കൃത്രിമത്വമില്ലാതെ, കലയുടെ നേര്‍വഴിയിലൂടെ മാത്രമാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന ഈ വേളയിലും മക്കളായ ശ്രീകാന്തും ശ്രീരാജും ഇടതും വലതുമായി അച്ഛനൊപ്പമുണ്ട്. ലോകം നമിക്കുന്ന ഈ കലാകാരനുമായി അല്‍പ്പനേരം.

ബാല്യം

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ വാദ്യത്തില്‍ താല്‍പര്യം. ജന്മം കൊണ്ട് മാരാരായതിനാല്‍ ചെണ്ട കൊട്ടുകയാണ് കുലത്തൊഴില്‍ എന്ന ചിന്ത വളരെ ചെറുപ്പം മുതല്‍ തന്നെ മനസ്സില്‍ കയറിക്കൂടിയിരുന്നു. എന്നാല്‍ എന്ത് ആയിത്തീരണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. വാദ്യ വിദ്വാനായ പിതാവു കുഞ്ഞികൃഷ്ണ മാരാര്‍ തന്നെയായിരുന്നു ആദ്യ ഗുരു. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ആദ്യമായി കൊട്ടിത്തുടങ്ങിയത്. തറവാട് ക്ഷേത്രത്തില്‍ നടത്തുന്ന അര്‍ച്ചനയായാണ് ഇത് ചെയ്തിരുന്നത്. ആദ്യകാലത്ത് അമ്മാമയും മറ്റും തോളിലേറ്റി കൊണ്ടുപോയാണ് ഇത് ചെയ്തിരുന്നത്. പിന്നീട് യു. പി. സ്‌കൂളിലെത്തിയപ്പോള്‍ ജീവിതം തന്നെ ഒരു തരം ഭാരമായി തോന്നി. കാരണം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയാലുടന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവണം. ഇതു വാങ്ങി തിരികെയത്തുമ്പോഴേക്കും സന്ധ്യയാവും. പിന്നീട് പത്തോ പതിനഞ്ചോ മിനിട്ടു മാത്രമാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ സമയം കിട്ടുക. മട്ടന്നൂരിലെ രാജകുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു കളിയും പഠനവും അന്ന് ഫുട്‌ബോളിലായിരുന്നു താല്‍പര്യം. തലമ എന്ന നാടന്‍ കളി ഉള്‍പ്പെടെ കളിക്കും. നല്ല ബോള്‍ വാങ്ങിത്തന്നു. പക്ഷെ കളിക്കാന്‍ സമയമില്ല. പതിനഞ്ചു മിനുട്ടു കളിക്കുമ്പോഴേക്കും വീട്ടില്‍ നിന്നും വിളി വരും അമ്പലത്തില്‍ പോകാന്‍. തിരിച്ച് വീട്ടിലെത്തിയാല്‍ വീട്ടുകണക്കും പഠനവുമെല്ലാം കഴിയുമ്പോള്‍ ഉറക്കം വരും. രാത്രിയായിരുന്നു ചെണ്ട പഠനം. ബാങ്കില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു പഠിപ്പിക്കല്‍. പറഞ്ഞു തരുന്നത് അതു പോലെ ചെയ്താലുടന്‍ പഠനം നിര്‍ത്താം. അച്ഛന്‍ ഒരു തവണ കാണിച്ചു തരുന്നത് നിമിഷങ്ങള്‍ക്കകം അതുപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ജന്മ സിദ്ധമായി ലഭിച്ച കഴിവാകാം. പക്ഷെ അന്ന് പഠനത്തെക്കാളുപരി ഉറക്കമായിരുന്നു മനസ്സില്‍. പുലര്‍ച്ചെ നാലിനു എഴുന്നേല്‍ക്കണം. അച്ഛന്‍ പഠിപ്പിക്കുന്നത് അതുപോലെ പകര്‍ത്തി കാണിച്ചതിനു അച്ഛന്‍ പിന്നീടു പറഞ്ഞത് ബ്ലോട്ടിംഗ് പേപ്പറായിരുന്നു അവനെന്നാണ്. ഇത് പിന്നീട് തിരിച്ചറിവു വന്നപ്പോള്‍ ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കണ്ടു. ഇത്തരത്തിലുള്ള ഒരു ബ്ലോട്ടിംഗ് പേപ്പറിനെ പിന്നീടെനിക്കു കാലം ശിഷ്യനായി നല്‍കി. - നടന്‍ ജയറാമിനെ. ഏഴാം ക്ലാസു വരെയാണ് മട്ടന്നൂരില്‍ പഠിച്ചത്. ഇതിനു ശേഷമാണ് അടുത്ത ബന്ധുവിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് പേരൂര്‍ ഗാന്ധി സദനത്തിലെത്തുന്നത്. കഥകളി ചെണ്ട നാലു വര്‍ഷത്തെ കോഴ്‌സ്. ചെണ്ട പഠിക്കുന്നതിനെക്കാളും മട്ടന്നൂരിലെ ഈ ഓട്ടത്തില്‍ നിന്നും മോചനം ലഭിക്കുമെന്ന ആഗ്രഹമായിരുന്നു അവിടേക്ക് എത്തിച്ചത്. ചെണ്ട പഠനത്തിനൊപ്പം സ്‌കൂള്‍ പഠനവും തുടരാമെന്നായിരുന്നു അവിടത്തെ നിര്‍ദ്ദേശം. വിദ്യാഭ്യാസം നേടണമെന്ന് അച്ഛനു നിര്‍ബന്ധവുമായിരുന്നു. എന്നാല്‍ അവിടെത്തിയതോടെ വറചട്ടിയില്‍ നിന്നും എരിതീയില്‍ വീണ അനുഭവമായി. പുലര്‍ച്ചെ മൂന്നിനു സാധകം തുടങ്ങും. അത് ആറര വരെ നീളും. പിന്നീട് പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം എട്ടുമണിക്കു പ്രഭാത ഭക്ഷണത്തിനെത്തണം. ഒമ്പതു മുതല്‍ 12 വരെ ചൊല്ലിയാട്ടം പരിശീലനം. സ്‌കൂളില്‍ പോകുന്നവര്‍ക്കു ഇതില്‍ ഇളവുണ്ടാവും. പത്തരക്കു സ്‌കൂളിലേക്കു വിടും. തിരികെ വന്നു കഴിഞ്ഞാല്‍ വീണ്ടും രാത്രി വൈകുവോളം സാധകവും പഠനവും. ഇതില്‍ ഒരു ഇളവുമില്ല. ഇതോടെ ഉറക്കത്തോടുള്ള ആഗ്രഹം പോയി പഠനം തന്നെയായി മുഖ്യം. ഇന്നു ലോകമറിയുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിഎന്ന കലാകാരനുണ്ടായത് ഈ തീവ്രപരിശീലനത്തിലൂടെയായിരുന്നു. നിരന്തര പരിശീലനത്തിന്റെ പ്രാധാന്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇന്ന് ഓരോ പ്രകടനത്തിലും പണ്ടു സാധകം ചെയ്തതിന്റെ ശക്തി, മേളപ്പരുക്കമായി അറിയാതെ എത്തുന്നു. ഇതിലൂടെ പഠിക്കാനായത് ഒരു ലോക തത്വമാണ.ആത്മാര്‍ഥമായ പ്രവര്‍ത്തി ചെയ്താല്‍ ഫലം താനേ വന്നു ചേരും. ആയിരം രൂപ ബാങ്കിലിട്ടാല്‍ അതിന്റെ മൂല്യം മാത്രമേ നമുക്കു ലഭിക്കൂ. പതിനായിരത്തിന്റെ മൂല്യം ലഭിക്കില്ല.

വേദികള്‍, പ്രകടനം 

കല അനുഭവഭേദ്യമാകണമെങ്കില്‍ നമ്മുടെ മനസ് സന്തോഷിക്കണം. മനസ്സില്‍ ആശങ്കകളും ദു:ഖവും വേദനയുമായി നമുക്കു കലാപ്രകടനം നടത്താവില്ല. ഓരോ കലാസൃഷ്ടിക്കു മുമ്പും ഉള്ള മാനസികാവസ്ഥ കലാകാരനെ സ്വാധീനിക്കും. കലാപ്രകടനമാരംഭിച്ചാല്‍ മറ്റൊന്നും നമ്മുടെ മനസ്സില്‍ വരില്ല. ആ പ്രകടനം മാത്രമാകും മനസ്സില്‍. ഓരോ വേദിയിലും പുതിയതെന്തെങ്കിലും കാഴ്ചവെക്കണമെന്നാവും കലാകാരന്റെ മനസ്സിലുണ്ടാവുക. ഒരേ സൃഷ്ടിയായാലും അതില്‍ വ്യത്യസ്ഥത കൊണ്ടുവരികയെന്നതാണ് പ്രധാനം. ഇല്ലെങ്കില്‍ ഈ കലാസൃഷ്ടി ആവര്‍ത്തനമാവും. നമ്മുടെ കൂടെയുള്ളവരെ പോലും ഇത് ചൊടിപ്പിക്കും. ഒപ്പമുള്ളവരുടെ പ്രകടനത്തെപ്പോലും ഇത് ബാധിക്കും. ആയിരക്കണക്കിനു വേദികളില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇന്നും തായമ്പകക്കായി ഒരുങ്ങുമ്പോള്‍ ആദ്യ വേദിയെന്ന നിലയില്‍ തന്നെയാണ് കാണുന്നത്. ഈ മാനസിക പിരിമുറുക്കവുമുണ്ടാവും. എന്നാല്‍ ഒരോ പ്രകടനവും വ്യത്യസ്ഥമാവുന്നത് നിരീക്ഷണവും ആത്മാര്‍പ്പണവും ഉള്‍പ്പെടെയുള്ളവയിലൂടെയാവും. നാം മുമ്പ് കണ്ട മറ്റ് കലാരൂപങ്ങള്‍, കലാ പ്രകടനങ്ങള്‍ എന്നിവയിലുള്ള ഏതെങ്കിലും സ്പാര്‍ക്ക് മനസില്‍ തങ്ങി നില്‍പ്പുണ്ടാവും. ഇവയാവും ചിലപ്പോള്‍ നാമറിയാതെ മേളപ്പപ്പെരുക്കത്തിനിടെയില്‍ വിരല്‍ തുമ്പിലെത്തുക. ഇത് എങ്ങിനെന്ന് പറയാനാവില്ല. പക്ഷെ വ്യത്യസ്ഥമായത് ചെയ്യുമ്പോള്‍ അതിനു തുടര്‍ച്ചയും പൂര്‍ണതയുണ്ടാവണം. ഒപ്പമുള്ളവര്‍ ഈവ്യത്യസ്തതയെ എങ്ങിനെ സ്വീകരിച്ച് തുടര്‍ച്ചയായി അവതരിപ്പിക്കുന്നതെന്നതും പ്രധാനമാണ്. അടുത്തിടെ തൃശ്ശൂരില്‍ നടത്തിയ കലാപ്രകടനത്തിനു സാക്ഷിയായ കലാമണ്ഡലം പ്രിന്‍സിപ്പാള്‍ തന്റെ അടുത്തു വന്ന് ഈ പ്രകടനത്തെ പ്രശംസിച്ചത് മറക്കാനാവില്ല. മേളപ്പരുക്കത്തിനിടെയുള്ള ഈ വ്യത്യസ്ഥത മറ്റുള്ളവര്‍ എങ്ങിനെ ഏറ്റു പിടിച്ച് അവതരിപ്പിച്ചുവെന്നത് അദ്ദേഹത്തിനു വിസ്മയമായി.

സിനിമയും അഭിനയവും

 ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥത്തിലെത്തിയത് യാദൃശ്ചികമായാണ്. ഷാജിയുടെ അസോസിയേറ്റ് ശരത്, തായമ്പക കലാകാരന്മാരെക്കുറിച്ച് നേരത്തെ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിനുള്ള എല്ലാ സഹായവും നല്‍കി. അന്ന് ഈ ചിത്രത്തിന്റെ ക്യാമറാമാനാമായിരുന്നത് ഷാജിയായിരുന്നു. അദ്ദേഹം പിന്നീടൊരു ദിവസം വിളിച്ചു പറഞ്ഞു. ഞാന്‍ കഥകളിയെക്കുറിച്ച് ഒരു സിനിമയെടുക്കുന്നുണ്ട്. മട്ടന്നൂര്‍ ഒരു റോള്‍ ചെയ്യണമെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കി സാര്‍ എനിക്കറിയാത്ത ഒരു കലയാണിത്. ജീവിതത്തില്‍ പോലും അഭിനയം അറിയാത്ത ഒരാളാണെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അവിടെ വന്നാല്‍ മതി. ഞാന്‍ പറഞ്ഞു തരുന്നതു പോലെ ചെയ്താല്‍ മതിയെന്നും. അങ്ങിനെയാണ് അവിടെയത്തിയത്. വീടിനു സമീപത്തെ ഒളപ്പമണ്ണ മനയിലായിരുന്നു ഷൂട്ടിംഗ്. നേരത്തെ തന്നെ അവിടെ പല സിനിമകളുടെയും ചിത്രീകരണം നടന്നിട്ടുണ്ട്. ചിലത് കണ്ടിട്ടുമുണ്ട്. ഇത് മാത്രമായിരുന്നു മുന്‍ പരിചയം. സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതിഭാധനര്‍. എല്ലവരുടെയും സഹകരണത്തോടെ അഭിനയം പൂര്‍ത്തിയാക്കി. വാനപ്രസ്ഥം സമ്മാനിച്ച ഏറ്റവും വലിയ സൗഭാഗ്യം ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സൗഹൃദമാണ്. അത് ഇപ്പോഴും തുടരുന്നു.

ശിഷ്യര്‍.

ശിഷ്യന്മാരില്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍. ജയറാം ഈ കലയോട് അടങ്ങാത്ത ആഭിമുഖ്യവും താല്‍പ്പര്യവും ഉള്ളയാള്‍. നേരത്തെ ചെണ്ട പഠിച്ച് അരങ്ങേറ്റവും കഴിഞ്ഞ ശേഷമാണ് തന്റെയടുത്ത് ഉപരി പഠനത്തിനായി എത്തുന്നത്. ആദ്യം തന്നെ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ തിരക്കുള്ളയാള്‍, ഞാനും തിരക്കുള്ളയാള്‍. ഇതിനിടയില്‍ സമയം ലഭിക്കുന്നതനുസരിച്ച് പഠിപ്പിക്കാമെന്ന്. ജയറാം ഉടന്‍ സമ്മതിച്ചു. പ്രണമിച്ച് ദക്ഷിണ വെച്ചു. പിന്നീട് പഠനത്തിനായി വീട്ടിലെത്തിയപ്പോള്‍ പറഞ്ഞു. സിനിമാ താരത്തിന്റെതായ യാതൊരു വിധ പരിഗണനയും നല്‍കില്ലെന്നും ഒരു ഗ്ലാസ് വെള്ളം വേണമെങ്കില്‍ സ്വയം പോയി എടുത്തു കുടിക്കണമെന്നും. ജയറാം സസന്തോഷം സ്വീകരിച്ചു. അന്നു തൊട്ട് ഇന്നു വരെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു ജയറാം. ഒടുവില്‍ ജന്മനാടായ പെരുമ്പാവൂരില്‍ എന്നോടൊപ്പം മൂന്നര മണിക്കൂര്‍ തായമ്പകയില്‍ പങ്കെടുത്തു തന്റെ കലാപ്രകടനം നടത്തി. ഇതൊരു ചരിത്രമാണ്. ജയറാമിനുള്ള ഒരു പ്രത്യേകത, അദ്ദേഹത്തിനു ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ ഉടന്‍ മനസ്സിലാക്കി അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ്. പണ്ട് ഞാന്‍ ബ്ലോട്ടിംഗ് പേപ്പറാണെന്ന് അച്ഛന്‍ പറഞ്ഞത് എനിക്കു ഓര്‍മ്മയുണ്ട്. പല കാര്യങ്ങളും അദ്ദേഹത്തിനു മനസ്സിലാവുന്ന തരത്തിലാണ് പഠിപ്പിച്ചത്.

വിദേശങ്ങളിലെ കലാപ്രകടനം

ഇംഗ്ലണ്ടും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പല തവണ കലാപ്രകടനം നടത്തി. ഇംഗ്ലണ്ടില്‍ മാത്രം മുപ്പതു തവണയോളം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഒരോ രാജ്യങ്ങളിലെയും കലാസ്വാദകര്‍ തമ്മില്‍ വ്യത്യാസമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതു കലാപ്രകടനം അവതരിപ്പിക്കാനാണോ നാം എത്തിയത് അത് പരമാവുധി അവര്‍ നമ്മില്‍ നിന്നും ചോര്‍ത്തിയെടുക്കും. കലാപ്രകടനം നടത്തുന്ന ദിവസം രാവിലെ ഇതേക്കുറിച്ച് ക്ലാസെടുക്കാന്‍ ആവശ്യപ്പെടും. ഇംഗ്ലണ്ടിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ പല തവണ ക്ലാസെടുത്തിട്ടുണ്ട്. ഈ ക്ലാസിനെ അടിസ്ഥാനമാക്കിയാവും അവര്‍ പിന്നീടു നടക്കുന്ന കലാ പ്രകടനത്തെ വിലയിരുത്തുക. ഓരോ കലാരൂപത്തേയും പൂര്‍ണമായി അറിയണമെന്ന് അവരാഗ്രഹിക്കുന്നു. ഗള്‍ഫിലാകട്ടെ തികച്ചും വ്യത്യസ്ഥമായ അനുഭവമാണുണ്ടാവുക. അവിടെ വിമാനമിറങ്ങിയാലുടന്‍ ജാതി മത ഭേദമന്യേ നമ്മള്‍ അവരുടെ ആളായി മാറും. നമ്മുടെ മട്ടന്നൂര്‍ വന്നു എന്ന നിലയിലാണ് അവരുടെ പെരുമാറ്റം. കലയെ അതിന്റെ അക്കാദമിക നിലവാരത്തില്‍ നിന്നല്ലാതെ ആസ്വാദകന്റെ നിലയിലാണിവര്‍ സമീപിക്കുന്നത്. കലയെ ഇത്രയും ഗൃഹാതുരത്വത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന വേറൊരു സമൂഹമില്ല.

ശിങ്കാരി മേളം

ശിങ്കാരി മേളം കേള്‍ക്കുന്നയാളില്‍ ലഹരി നിറക്കുന്നതാണ്. താളത്തിലൂടെ ഒരു ലഹരിയാണ് നമ്മില്‍ നിറയുക. ഇന്ന് എവിടെയും ശിങ്കാരി മേളമാണ്. ഇത് കലാരൂപത്തിന്റെ തനിമ നശിപ്പിക്കുമെന്ന ആരോപണം പലരുമുയര്‍ത്തുന്നുണ്ട്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. ഒരു പതിനഞ്ചു മിനുട്ടോളം ശിങ്കാരി മേളത്തില്‍ വൈവിധ്യത വരുത്താന്‍ കഴിയുന്നവരുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ സമയമായാല്‍ അത് ആവര്‍ത്തനവും വിരസവുമാവും. ശിങ്കാരി മേളവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ ആര്‍. എല്‍. വി. സംഗീത കോളേജില്‍ താന്‍ അടുത്തിടെ നടത്തിയ ഒരു ക്ലാസില്‍ ഈ മേളത്തിനനുസൃതമായ കീര്‍ത്തനങ്ങളുണ്ടോ എന്ന അന്വേഷണം നടത്തി. ആര്‍ക്കും ഇതിനു മറുപടി നല്‍കാനായില്ല. എന്നാല്‍ പണ്ട് ഇതേ താളത്തിലുള്ള കീര്‍ത്തനങ്ങളുണ്ടായിരുന്നുവെന്ന് സോദോഹരണം വ്യക്തമാക്കിയപ്പോള്‍ പലര്‍ക്കും ഇത് പുതിയ അനുഭവമായിരുന്നു.

മേളത്തിലെ പരീക്ഷണങ്ങള്‍.

അടിസ്ഥാനത്തില്‍ ഊന്നി നിന്നുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. പല പരീക്ഷണങ്ങളിലൂടെയാണ് നാം ഇന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പലതുമുണ്ടായിരിക്കുന്നത്. അതിനാല്‍ പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കേണ്ടതില്ല. എന്നാല്‍ അടിസ്ഥാനത്തെ നിഷേധിച്ച് വികൃത സൃഷ്ടികളുണ്ടാക്കുന്നതിനോട് യോജിക്കാനുമാവില്ല. അമ്പലപ്പറമ്പില്‍ നടക്കുന്ന മേളം എല്ലവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചു എന്നു വരില്ല. കാരണം പലര്‍ക്കും അവിടെ പ്രവേശനമില്ല. ഈ കലാസൃഷ്ടി ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അവ ആസ്വദിക്കാന്‍ സാഹചര്യമൊരുക്കണം എന്നാണ് അഭിപ്രായം. ഇതിനാലാണ് ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ളവയിലേക്കു തിരിഞ്ഞത്. ഇതും ഒരു പരീക്ഷണമാണ്. പരീക്ഷണങ്ങളുടെ ഫലം നന്നല്ലെങ്കില്‍ സമൂഹം അതു തള്ളിക്കളയുകയും ചെയ്യും.

പുതുതലമുറയും മേളവും.

കാലം എത്രയോ പുരോഗമിച്ചിട്ടും കലയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യത്തിനു കുറവു വന്നിട്ടില്ല. അവര്‍ക്കു പഴയ തലമുറയെ അപേക്ഷിച്ച് അനുഭവങ്ങള്‍ കുറവാകാം. എന്നാല്‍ കലാഭിരുചി മാറിയിട്ടില്ല. പഴയ കാലത്തെ കഷ്ടപ്പാടുകളൊന്നും ഇന്നത്തെ തലമുറയ്ക്കു അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനൊക്കെ ചെറുപ്പകാലത്ത് കടകളില്‍ പോയി പഴയ ചാക്കു വാങ്ങി അതില്‍ കെട്ടിയാണ് ചെണ്ട കൊണ്ടുപോയിരുന്നത്. യാത്രക്കു യാതൊരു സൗകര്യവുമില്ലായിരുന്നു. എന്നാല്‍ എന്റെ മകന്റെ കാലമെത്തിയപ്പോള്‍ അവന്‍ സാഹചര്യങ്ങള്‍ മാറി. ഇന്ന് ചെണ്ടക്കു ബാഗുണ്ട്. സഞ്ചരിക്കാന്‍ വാഹന സൗകര്യമുണ്ട്. പോകുന്ന സ്ഥലങ്ങളില്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഇതൊന്നും ഇല്ലാത്ത കാലത്താണ് എന്റെയും അതിനു മുമ്പുമുള്ള തലമുറയും ഈ കലയെ പോഷിപ്പിച്ചത്. ഇന്ന് പുതിയ കുട്ടികളില്‍ അഭിരുചി ഏറെയുണ്ട്. ചെണ്ട പഠിക്കണം എന്ന ആത്മാര്‍ഥ ആഗ്രഹവുമായി എത്തുന്നവരുണ്ട്. ചെണ്ടക്കും മാന്യത കൈവന്നു.

ആഗ്രഹം.

പുതു തലമുറയുടെ അഭിരുചി കണ്ട് എന്റെ മനസ്സില്‍ ഒരു ആഗ്രഹം ഉടലോടുത്തിട്ടുണ്ട്. ചെണ്ട ഉള്‍പ്പെടെയുള്ള കലകള്‍ പഠിക്കാനുള്ള ഒരു സ്ഥാപനം ഉണ്ടാക്കണം. ഇത് സര്‍ക്കാരിന്റെ കീഴിലല്ല. സ്വന്തമായി ഗുരുകുല സംവിധാനത്തില്‍ ചിട്ടയോടെ പഠിപ്പിക്കുന്ന സ്ഥാപനം. സര്‍ക്കാരിന്റെ ഗ്രാന്റു വാങ്ങിയാല്‍ അതില്‍ മറ്റു തരത്തിലുള്ള ഇടപെടലുണ്ടാവും. അതു പാടില്ല. ജാതി മത വര്‍ഗ്ഗ അതീതമായി ഈ കല പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതാവും ഈ സ്ഥാപനം. അടുത്ത നാലഞ്ചു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കും. ലോകത്ത് ഏറ്റവും എളുപ്പത്തില്‍ പഠിക്കാവുന്ന ഒരുപകരണമാണ് ചെണ്ട. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും പുതുമകളും നല്‍കാവുന്നതും.

മേളം നല്‍കുന്ന ആവേശം.

ഒരു കലാകാരനു ആള്‍ക്കൂട്ടം ഊര്‍ജമാണ ലക്ഷക്കണക്കിനു പുരുഷാരം നിറയുന്ന തൃശ്ശൂര്‍ പൂരത്തില്‍ 36 വര്‍ഷം ഞാന്‍ കൊട്ടിയിട്ടുണ്ട്. ആള്‍ക്കൂട്ടവും മേളപ്പെരുക്കത്തിനു അവര്‍ തിരികെ നല്‍കുന്ന പ്രതികരണവുമെല്ലാം ഒരു കലാകാരന്‍ നന്നായി ആസ്വദിക്കും. ഇത് പ്രകടനത്തില്‍ ദൃശ്യമാവുകയും ചെയ്യും. തെക്കന്‍ ജില്ലകളിലാണ് മേളം ഏറെ ആസ്വദിക്കപ്പെടുന്നത്. അവര്‍ കൈയ്യുയര്‍ത്തി മേളത്തില്‍ ലയിച്ച് നമുക്ക് ആവേശം നല്‍കും. ഈ ആള്‍ക്കൂട്ടത്തില്‍ പണ്ഡിതനെന്നോ പാമരനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. എല്ലാവരേയും ഒരുപോലെ ആസ്വദിപ്പിക്കാന്‍ കഴിയുന്നതാണ് മികച്ച കലയെന്ന് ഞാന്‍ വിശ്വസിക്കുന്നു.