Latest News

ചെഗുവേരയില്‍ നിന്നും ബോബ് മാര്‍ലിയിലേക്ക്

പി. വി. ശ്രീജിത്ത്.

ചെഗുവേരയില്‍ നിന്നും ബോബ് മാര്‍ലിയിലേക്ക്. ചെഗുവേരയില്‍ നിന്നും ബോബ് മാര്‍ലിയിലേക്ക് എത്ര ദൂരമുണ്ട് ? ഈ ചോദ്യത്തിനുള്ള മറുപടി ഒരു പക്ഷേ, പുതുതലമുറയും കമ്യുണിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള ദൂരം എന്നാവും. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനു ശക്തമായ വേരോട്ടമുള്ള കണ്ണൂര്‍ ജില്ലയിലെ നാറാത്ത് എന്ന പാര്‍ട്ടി ഗ്രാമത്തില്‍ കണ്ട ഒരു കാഴ്ചയാണ് ഈ ചിന്ത മനസ്സിലെത്തിച്ചത്. പുതു തലമുറ അരാഷ്ട്രീയവാദികളും സമരവിരുദ്ധരുമായി മാറുന്നുവെന്നും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുകയും പൊതു പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയാണെന്നുമുള്ള കണ്ടെത്തല്‍ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. കോണ്‍ഗ്രസ്സ് അടക്കമുള്ള മറ്റു മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാധാരണ ഇത്തരത്തിലുള്ള ഗൗരവമായ പരിശോധനകള്‍ക്കു മുതിരാത്തതിനാല്‍ അവര്‍ ഇത് കണ്ടെത്തിയില്ലെന്നു മാത്രം. ലോക വിപ്ലവ ചരിത്രത്തിലെ ശുക്ര നക്ഷത്രമാണ് ചെഗുവേര എന്നതില്‍ ആര്‍ക്കു രണ്ടുപക്ഷമുണ്ടാവില്ല. ബൊളീവിയന്‍ കാടുകളില്‍ ഒളിപ്പോരിലൂടെ സാമ്രാജ്യത്വ ശക്തികളെ അടിയറവു പറയിച്ച വ്യക്തിത്വം. വിപ്ലവമെന്നതിന്റെ ഒളിമങ്ങാത്ത പേരായി ചെഗുവേര മാറിയതും അടങ്ങാത്ത ഈ പോരാട്ടവീര്യം ഒന്നു കൊണ്ടു മാത്രം. വിപ്ലവ പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുന്ന യുവ മനസ്സുകളില്‍ ചെഗുവേര, മായാത്ത ബിംബമാവുന്നതും സ്വാഭാവികം. അതേസമയം, കറുത്ത വര്‍ഗ്ഗക്കാരുടെ റഗ്ഗൈ എന്ന നാടോടി പാരമ്പര്യസംഗീതത്തെ ലോകത്തിനു മുന്നില്‍ എത്തിച്ച ജമൈക്കന്‍ സംഗീതജ്ഞനാണ് ബോബ് മാര്‍ലി. കാലയവനികക്കുള്ളില്‍ മറഞ്ഞ് മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും മാര്‍ലി യുവ മനസ്സുകളില്‍ ഇടം നേടുകയാണ്. പ്രസക്തമായ ചോദ്യം ചെഗുവേരക്കു പകരം ബോബ് മാര്‍ലി എത്തുന്നതെങ്ങിനെയെന്നാണ്. ഇതിനുത്തരം കണ്ണൂരിലെ ചില പാര്‍ട്ടി ഗ്രാമങ്ങളെങ്കിലും നല്‍കും. അരാഷ്ട്രീയ വാദമെന്ന് മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വിശേഷിക്കുന്ന ഈ പ്രവര്‍ത്തനത്തെ, കലയിലധിഷ്ഠിതമായ പുതിയ സംവേദന മാധ്യമമാക്കി മാറ്റുന്ന ശൈലി വടക്കന്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ യുവാക്കളുടെ വിപ്ലവ വീര്യത്തിനു കരുത്തുനല്‍കിയിരുന്നത് ചെഗുവേരയായിരുന്നു. ചെ യുടെ ചിത്രങ്ങളും വാക്കുകളുമാണ് അന്ന് യുവ തലമുറ ഹൃദയത്തിലേറ്റിയിരുന്നത്. കേരളത്തിന്റെ ശില്‍പ്പികളായ കമ്യുണിസ്റ്റ് നേതാക്കള്‍ക്കൊപ്പം ചെയേയും ഇവര്‍ നെഞ്ചിലേറ്റി. എന്നാല്‍ രണ്ട് പതിറ്റാണ്ട് പിന്നിടുന്നതോടെ ന്യൂജനറേഷന്റെ ഇഷ്ടങ്ങളും ശൈലികളും മാറിത്തുടങ്ങിയിരിക്കുന്നു. നവ മാധ്യമങ്ങളുടെ കടന്നു കയറ്റത്തിലൂടെ തന്നെയാവണം അവര്‍ ബോബ് മാര്‍ലിയെ അറിഞ്ഞത്. പാര്‍ട്ടി ഗ്രാമത്തില്‍ ബോബ് മാര്‍ലിക്കായി ഒരു തെരുവിന്റെ പേരിടുന്നതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നാവില്ല. ചെഗുവേരയെക്കുറിച്ച് നമുക്ക് അധികമൊന്നും പറയാനില്ല. കാരണം ഓരോരുത്തരുടെയും മനസ്സുകളില്‍ ചെയുടെ ജീവിതവും പോരാട്ടവും ആഴത്തില്‍ പതിഞ്ഞിരിക്കയാണ്. ഒരര്‍ഥത്തില്‍ ബോബ് മാര്‍ലിയും വിപ്ലവകാരിയായിരുന്നു. സംഗീതത്തിലൂടെ ലോക വിപ്ലവം സൃഷ്ടിച്ചയാള്‍. ജമൈക്കയിലെ സെന്റ് ആന്‍ ദ്വീപില്‍ 1945 ഫെബ്രുവരി 6 നു ജനിച്ച ബോബ് മാര്‍ലി, വെളുത്ത വര്‍ഗ്ഗക്കാരന്റെയും കറുത്ത വര്‍ഗ്ഗക്കാരിയുടെയും മകനായാണ് ജനിച്ചത്. അതുകൊണ്ടു തന്നെ വംശീയ പരിഹാസത്തിനു വിധേയനായാണ് വളര്‍ന്നത്. പിന്നീട് ലോക മറിയുന്ന സംഗീതജ്ഞനായി മാറാന്‍ ഈ പരിഹാസവും അവഗണനയും മാര്‍ലിയെ സഹായിച്ചിട്ടുണ്ടാവണം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആല്‍ബമായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് മാര്‍ലിയുടെ 'എക്‌സ്‌പോസ്ഡ്'എന്ന ആല്‍ബമായിരുന്നു. പിന്നീട് ഗ്രാമി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങല്‍ മുപ്പത്തി ആറാമത്തെ വയസില്‍ കാന്‍സര്‍ രോഗം ബാധിച്ച് ജീവിതത്തിനു തിരശ്ശീല വീഴുമ്പോഴേക്കും, ലോകം ആരാധിക്കുന്ന വ്യക്തിത്വമായി മാറാന്‍ മാര്‍ലിക്കു കഴിഞ്ഞു. മരണത്തിനു ശേഷം ഇറങ്ങിയ 'ലെജന്‍ഡ്' എന്ന ആല്‍ബം, ലോകത്താകമാനം രണ്ടര കോടി പതിപ്പുകളാണ് വിറ്റഴിച്ചത്. ചെഗുവേരയില്‍ നിന്നും ബോബ് മാര്‍ലിയിലേക്കുള്ള പുതു തലമുറയുടെ ചുവടുമാറ്റം, അരാഷ്ട്രീയവാദമാണോ, അതോ ഈ മാറ്റം കൃത്യമായി വിലയിരുത്താന്‍ പഴയ തലമുറക്കു കഴിയാതെ പോയതാണോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. ലോകം വിരല്‍തുമ്പിലുള്ള ഈ കാലഘട്ടത്തില്‍ സംഗീതരംഗത്തു വിപ്ലവം സൃഷ്ടിച്ച കലാകാരനെ ന്യൂജനറേഷന്‍ തിരിച്ചറിഞ്ഞതാണോ എന്നുമറിയില്ല. ഇതിനുള്ള മറുപടി എന്തായാലും, പുതുതലമുറയുടെ ഇഷ്ടങ്ങളും വീക്ഷണവും മനോഭാവവുമെല്ലാം പാടെ മാറിയെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ഈ മാറ്റം അതിന്റെ അതേ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ഇതിന്റെ പേരില്‍ പുതു തലമുറയെ വിലയിരുത്തുകയും ചെയ്യുന്നതില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ടോയെന്നു പഴയ തലമുറ മനസ്സിരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചുവെന്നു മാത്രം. ബോബ് മാര്‍ലി സ്ട്രീറ്റ് എന്നെഴുതിയ ഇരിപ്പിടത്തിനരികില്‍ നിന്നിരുന്ന പഴയ തലമുറയില്‍പെട്ട ഒരു കമ്യുണിസ്റ്റുകാരന്റെ നിലപാട് തന്നെ ഇതിനു തെളിവാണ്. മയക്കുമരുന്നിന്റെ ലഹരി ഉള്ളില്‍പേറുന്ന, അരാജകവാദിയായ ഏതോ പാട്ടുകാരനായാണ് അദ്ദേഹം മാര്‍ലിയെ അറിയുന്നത്. ഇതാണോ ജനറേഷന്‍ ഗ്യാപ്പ് ?