Latest News

'അണികളെ ഇനിയും വൈകരുത്' നേതാക്കളുടെ സൗഹൃദം മനസ്സിലാക്കാൻ

കണ്ണൂർ; എത്രയെത്ര ജീവനുകളാണ് രാഷ്ട്രീയത്തിന്റെ പേരിൽ ഈ മണ്ണിൽ പൊലിഞ്ഞത്.ഇതിന്റെ ഫലമെന്ത്? അനാഥമായ  കുടുംബങ്ങൾ,തളർന്ന മനസ്സുകൾ,തകർന്ന ജീവിതങ്ങൾ,അങ്ങനെ നികത്താനാവാത്ത നഷ്ടങ്ങൾ മാത്രം.നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ കുടുംബങ്ങൾ എങ്ങനെയാണ് ഇപ്പോൾ കഴിയുന്നതെന്ന്. അച്ഛനെ നഷ്ടപെട്ട ആ മക്കൾ എങ്ങനെ ജീവിക്കുന്നൂവെന്ന്.വിധവയായ സ്ത്രീകൾ എങ്ങനെ കുടുംബ ജീവിതം നയിക്കുന്നുവെന്ന്.തങ്ങളെക്കാളും നേരത്തെ മക്കൾ ലോകത്തോട്‌ വിടപറഞ്ഞതോർത്തു നെഞ്ചുരുകി കരയുന്ന വൃദ്ധരായ മാതാപിതാകളെ കുറിച്ച്.എന്തിന്റെ പേരിലായാലും വെട്ടിയരിയപെടുന്നത് മനുഷ്യജീവനുകളാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപെടുന്ന കേരളത്തിലാണ് ഈ അരുംകൊലകൾ നടക്കുന്നത്.ഒരു നാൾ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തെ ഫുട്ബാൾ മത്സരം എന്നാണ് വിശേഷിപിച്ചത്.രണ്ടേ ഒന്ന്,ആറെ നാല്, പത്തെ എട്ട് എന്നിങ്ങനെ 'ഗോൾ' സ്കോർ ചെയ്യുന്നത് പോലെ ജീവനെടുത്തു കളിക്കുകയായിരുന്നു പാർട്ടി അന്ധവിശ്വാസികൾ. എന്തിനേറെ പറയുന്നു ചെറിയ കുട്ടികൾ ക്ലാസ് മുറിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ അധ്യാപകനെ വെട്ടി കൊന്ന ചരിത്രമാണ് നമ്മുടെ നാടിനുള്ളത്.പാടത്ത് വിചാരണ ചെയ്തും,51 വെട്ട് വെട്ടിയും പൈശാചികമായ കൊലകൾ വേറെയും.ഇതിൽ വിചിത്രമായി തോന്നിയേക്കാവുന്നത് ഇതാണ്, കക്ഷിഭേദമന്യേ തലേന്ന് ചായകടയിലിരുന്ന് രാഷ്ട്രീയത്തിനപ്പുറം തമാശകൾ പറഞ്ഞ് പിരിഞ്ഞവർ പിറ്റേ ദിവസം വർഗ്ഗ ശത്രുക്കളായി പരസ്പരം വെട്ടിയും കുത്തിയും മരിച്ചു വീഴുന്നു.ആ ഭീതിപെടുത്തുന്ന കാഴ്ച കാലങ്ങൾ കടന്നു പോയിട്ടും വീണ്ടും പിന്തുടരുകയാണ്.ഭാഗ്യത്തിന് സ്കോർ ബോർഡിൽ വലിയ അക്കങ്ങളില്ലാ എന്നെ ഉള്ളു.ഇന്നിതാ, എതോ ഒരു പ്രത്യശാസ്ത്രത്തിന്റെ പേരിൽ പാടത്തും,വഴിയരികിലും യുവാക്കൾ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നു.ചെത്ത്‌ തൊഴിലാളിയായ പ്രേമനും,പെയിന്ററായ ഷിഹാബുദ്ദീനും ഈ അടുത്ത് എതിരാളികളുടെ വാളിന് ഇരകളായവരാണ്.പാർട്ടിക്ക് രക്തസാക്ഷി മാത്രമാണിവർ എന്നാൽ ഒരു കുടുംബത്തിന് ഇവർ എല്ലാമായിരുന്നു.ആ വീടുകളിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല.

തോരാത്ത കണ്ണീരുമായി ഇനിയുള്ള കാലം ആ കുടുംബം പരേതന്റെ ഓർമയിൽ ജീവിച്ചു തീർക്കും.എല്ലാ അമ്മമാർക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെയാണ്.കരളലിയിപ്പിക്കുന്ന ആ കാഴ്ച കൊല്ലുന്നവരും, കൊല്ലിച്ചവരും കാണണം.ഒരു പക്ഷെ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് നിങ്ങൾ രക്ഷപെടുമായിരിക്കാം. പക്ഷെ നിങ്ങൾ മുഖേന ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.

അക്രമം നടന്നാൽ ഉടൻ ഭരണകർത്താക്കൾ സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കും.അങ്ങനെ യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾ പരസ്പരം കെട്ടി പിടിച്ചും,കുശലം പറഞ്ഞും, ചായ കുടിച്ചു പിരിയും. ഇരുട്ടിന്റെ മറവും പത്താളുടെ ബലവും ഉണ്ടെങ്കിൽ എന്ത് ക്രൂരതയും ആവാമെന്ന് കരുതുന്ന  അണികൾ നിങ്ങളുടെ നേതാക്കളെ ഒന്ന് കാണുക.പൊതു വേദികളിൽ അണികളുടെ മുന്നിൽ പാർട്ടി ശത്രുക്കളെ നിശിതമായി വിമർശിക്കുന്ന നേതാക്കളാണ് സർവകക്ഷിയോഗത്തിന് ശേഷം തമാശകൾ പറഞ്ഞ് ചിരിക്കുന്നത്.

നേതാകളുടെ ആ ചിരി മാത്രം അണികൾക്ക് പകർന്ന് കൊടുത്താൽ മതിയാകും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ.വ്യത്യസ്ത ആശയത്തിന്റെ പേരിൽ പരസ്പരം കണ്ടാൽ മിണ്ടാത്ത അണികളെ നിങ്ങൾ ഇനിയും വൈകരുത് നേതാക്കളുടെ ഈ സൗഹൃദം മനസിലാക്കാൻ.