Latest News

കളരിപ്പയറ്റിന്റെ സാമൂഹിക ഭൂമിക

പ്രൊഫ.ബി.മുഹമ്മദ്‌ അഹമ്മദ് 

കളരി സംഘങ്ങൾ കരുത്തിന്റെയും ആത്മവിശ്വാസതിന്റേയും ഇചഛാശക്തിയുടെയും സ്വരൂപങ്ങളായിട്ടാണ് മധ്യകാല കേരളം അംഗീകരിച്ചത്. ഏറ്റവും കൂടുതൽ കളരി അഭ്യാസം നടന്ന കടത്തനാടിനെ കരുത്തിന്റെ നാടായിട്ടാണ് കേരളീയ സമൂഹം കരുതുന്നത്. പഴയകാലത്ത് കേരളത്തിലെ എല്ലാ ഭാഗത്തും കളരി സംഘങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കളരിയെ ശ്വാസത്തിലും ഉചഛ്വാസത്തിലും കൊണ്ടുനടന്ന ഒരേ ഒരു കൂട്ടർ കടത്തനാട്ടുകാരാണ്. അതുകൊണ്ടായിരിക്കാം ഇന്നും അവിടുത്തെ ജീവിതക്രമങ്ങളിൽ ഉറുമിവാളിന്റെ മിന്നലാട്ടം കാണുന്നത്.

ആയോധനകലയുടെ മർമ്മസ്ഥായിയായിട്ടാണ് കളരികൾ പ്രത്യക്ഷപെട്ടത്. ഊർജ്ജസ്വലതയുടെയും ജീവചൈതന്യത്തിന്റെയും സ്ഫുലിംഗങ്ങളുളള ഒരു ജീവിതത്തിന്റെ ആകർഷക ബിന്ദുവാണ് കളരികൾ. മെയ് വഴക്കത്തിന്റെ സ്വാസ്ഥ്യമാണ്‌ കളരികൾ പ്രദാനം ചെയ്യുന്നത്. അതേ അവസരത്തിൽ ഏത് പ്രതിഷേധത്തെയും കടന്നാക്രമണത്തെയും നേരിടാനുള്ള പ്രതിരോധ പ്രവർത്തനം കൂടി ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കീഴടങ്ങാൻ തയ്യാറല്ലാത്ത ഒരു ജനതയുടെ അജയ്യതാ പ്രഖ്യാപനം കളരികൾക്കു പിന്നിലുണ്ട്. കളരികളെ ആസ്പദമാക്കി ഗുണപ്രദമായ ഒരു ചികിത്സാ സമ്പ്രദായവും പോയകാലങ്ങളിൽ നമുക്കുചുറ്റും നിലവിലുണ്ടായിരുന്നു. മർമ്മാണി ചികിത്സയൊക്കെ നമ്മുടെ ഔഷധ സംസ്ക്കാരത്തിന്റെ ഭാഗമായിത്തീരുന്നത് കളരികൾ സജീവമായത്‌ കൊണ്ട് തന്നെയാണ്.

സംഘകാലഘട്ടത്തിലാണ് കളരിപ്പയറ്റ് ബീജാവാപം ചെയ്യപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. പിന്നീട് വിവിധ സ്വാധീനങ്ങളെ ഉൾകൊള്ളുകയും കാലദേശസ്വാധീനത്തിനനുസൃതമായി മാറ്റത്തിന് വിധേയമാവുകയും ചെയ്തു. ഇതൊരു ആയോധന സംസ്കരണ കലാരൂപമാണ്‌.......... .മദ്ധ്യകാല ഫ്യൂഡൽ ജീവിതത്തിൽ പൊരുതാനുള്ള ശക്തിസംഭരണമായി കരുതപ്പെട്ട കളരികൾക്ക് ഇന്നൊരു പ്രസക്തി എന്തെന്ന ചോദ്യം സ്വാഭാവികമാണ്‌.

കൃതകൃത്യതയാർന്ന ക്ലസ്റ്റർ ബോംബുകളും മറ്റും വിസ്ഫോടനങ്ങളുടെ കൊയ്ത്ത് നടത്തുന്ന ഇപ്പോൾ കളരികൾ ശൂന്യപാത്രങ്ങളല്ലേ എന്ന സംശയം പ്രസക്തമാണ്. എന്നാൽ കളരിപ്പയറ്റുകൾ ആക്രമണ സ്വഭാവത്തോടെ പൊരുതാനുള്ളവയല്ല,മറിച്ച് ശാരീരിക സംസ്കരണത്തിനും ചികിത്സാരീതിക്കും ഉള്ളതാണ് എന്നറിയുമ്പോൾ മാത്രമേ വിനാശം കൊയ്യുന്ന കാളകുട സംസ്കാരത്തിൽ നിന്ന് കളരിപ്പയറ്റിന്റെ വ്യതിരിക്തത മനസ്സിലാവൂ.

നാടൻ കലാപ്രകടനങ്ങളിൽ കളരികൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. തെയ്യം,തിറ, പൂരക്കളി, പടയണി, പരിചമുട്ടുകളി, കോൽക്കളി, കുത്തുറാത്തീബ്, തുടങ്ങിയവയിൽ പ്രസ്തുത സ്വാധീനം അടിസ്ഥാനതലത്തിലും മറ്റുപലതിലും ബാഹ്യതലത്തിലും കാണാവുന്നതാണ്. നമ്മുടെ വീരാപദാനങ്ങളിലും അതിനെപ്പാടിപ്പുകഴ്ത്തുന്ന വാമൊഴി വഴക്കങ്ങളുടെ രൂപഭാവതലങ്ങളിലും കളരിപ്പയറ്റിന്റെ സ്വാധീനങ്ങളുണ്ട്. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന മദ്ധ്യകാലത്ത് ജാതിക്കതീതമായി എല്ലാ മതവിഭാങ്ങൾക്കു മെയ്കരുത്ത്‌ നൽകിയ കളരികൾ സാമൂഹികാംഗീകാരം നേടിയിരുന്നുവെന്ന് കാണാവുന്നതാണ്. വടക്കൻ പാട്ടുകളിൽ കളരി അഭ്യാസം സിദ്ധിച്ച സ്ത്രീകളെപ്പറ്റിയുള്ള പരാമർശങ്ങളുമുണ്ട്. കളരിയാശാൻമാർക്കും അന്ന് സമൂഹത്തിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. കളരിയാശാൻ നമ്പൂതിരിയായാലും നസ്രാണിയായാലും നായരായാലും പണിക്കർ പദവി നൽകി ബഹുമാനിക്കാൻ സമൂഹം തയ്യാറായിരുന്നു. പാരമ്പര്യമായി അങ്കം തൊഴിലാക്കിയ കുടുംബങ്ങൾ ചേകോൻമാരുടേതായിരുന്നുവല്ലോ. തോറ്റം പാട്ടുകളിൽ തീയ്യർ കളരി, പുലയർ കളരി, നായർ കളരി, ചോയി കളരി, നമ്പൂരി കളരി തുടങ്ങിയ ജാതി കളരികളെ പരാമർശിക്കുന്നതായി കാണാം. മധ്യകാലഘട്ടത്തിലെ അവ്യവസ്ഥിതമായ രാജവാഴ്ചയും നാടുവാഴി ഭരണ സമ്പ്രദായവും ജനങ്ങളിലുണ്ടാക്കിയ അരക്ഷിതാബോധത്തിൽ നിന്ന് സമൂഹമനസ്സിനെ മോചിപ്പിച്ചിരുന്ന ഒരു രക്ഷാ സങ്കൽപ്പമെന്ന നിലയിൽ കളരികൾക്കുള്ള സ്ഥാനത്തെ നിഷേധിക്കാൻ കഴിയില്ല. സ്ത്രീകൾക്കുപോലും പ്രതിരോധ ചിന്തയും പ്രതിരോധ സ്വപ്നങ്ങളും നൽകി എന്നത് കളരി സംഘങ്ങളുടെ സർവ്വകാലനേട്ടമായി പറയാവുന്നതാണ്. അടുക്കളയിൽ മാത്രം കുരുങ്ങിപോയ ജീവിതങ്ങൾ വാളും പരിചയുമായി അടർക്കളത്തിലേക്ക് വരുന്ന അനുഭവം തീർച്ചയായും ശ്രദ്ധേയമാണ്‌. അദ്ധ്വാനിക്കുന്ന സ്ത്രീ കൂട്ടായ്മ പൊതു സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവേശനം നേടിയ അന്നത്തെ ചരിത്രം ഇന്നും പ്രസക്തമാണ്‌...


നാടുവാഴിത്ത-കൊളോണിയൽ കാലഘട്ടത്തിൽ സാമൂഹ്യ ജീവിതത്തിന്റെ മുദ്രകൾ അടയാളപ്പെടുത്തിയ കളരിപ്പയറ്റ് അന്യം വരാൻ പാടില്ലെന്ന് നാം നിർബന്ധം പിടിക്കണം. ശത്രുവെ സംഹരിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ അല്ല, മറിച്ച് ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രകാശനം എന്ന നിലയ്ക്ക്‌, ശരീരത്തിന്റെ സന്തുലിതമായ സ്വാസ്ഥ്യത്തിന്റെ ഉപാധി എന്ന നിലയ്ക്ക്‌ മദ്ധ്യകാല കേരളത്തിന്റെ വീരോപദാനങ്ങളുടെ മധുരസ്മരണ എന്ന നിലയ്ക്ക്‌, നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ മുന്നോട്ടേക്കുള്ള പ്രയാണത്തിൽ കഴിഞ്ഞകാല തലമുറയ്ക്ക് തങ്ങളുടെ പ്രയാസങ്ങളെ മറികടക്കാനുള്ള പ്രചോദനങ്ങൾ എന്ന നിലയ്ക്ക്‌..