Latest News

ഇതിഹാസതാരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; കണ്ണീരോടെ ലോകം

ബാസ്‌കറ്റ്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മഹാനായ താരങ്ങളില്‍ ഒരാളും എന്‍.ബി.ഐ ഇതിഹാസവും ആയ കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ 10നാണ് അപകടമുണ്ടായത്. ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപ്പിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി. അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണുണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മകളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനായുള്ള യാത്രക്ക് ഇടയില്‍ ആണ് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു കോബിയും സഹയാത്രികരും കൊല്ലപ്പെടുന്നത്. ജിയാനെയുടെ സഹതാരം ആലിസ്സയും മാതാപിതാക്കളും അപകടത്തില്‍ പെട്ടവരില്‍ പെടുന്നു. കനത്ത മൂടല്‍ മഞ്ഞ് ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ആരാധകരുടെ പ്രിയപ്പെട്ട ബ്ളാക്ക് മാമ്ബയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്‍.ബി.ഐ യിലെ സഹതാരങ്ങളും പരിശീലകരും കണ്ണീരോടെയാണ് തങ്ങളുടെ പ്രിയസുഹൃത്തിന്റെ മരണം ഉള്‍ക്കൊണ്ടത്. തന്റെ ഇളയസഹോദരന്‍ എന്നാണ് ഇതിഹാസതാരം മൈക്കള്‍ ജോര്‍ദാന്‍ കൊബിയെ വിളിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സഹതാരങ്ങളും പ്രമുഖരും ആരാധകരും അടക്കം ലോകം മുഴുവന്‍ കോബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഫുട്‌ബോള്‍ താരങ്ങള്‍ ആയ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടെന്നീസ്‌താരം റാഫേല്‍ നദാല്‍, മറ്റ് കായികതാരങ്ങള്‍ നിരവധി ക്ലബുകള്‍, പ്രമുഖ സിനിമ, കായിക താരങ്ങള്‍ തുടങ്ങി പലരും ആദരാഞ്ജലികള്‍ നേര്‍ന്നപ്പോള്‍ ഗ്രാമി അവാര്‍ഡ് വേദിയില്‍ പാട്ടുകാര്‍ പലരും കോബിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.