Latest News

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതൊരു മനോഹരമായ കഥയാണ്, എന്നാല്‍ ഇതിനും അന്ത്യം കുറിയ്ക്കേണ്ട സമയം ഉണ്ട്. ഇന്നാണ് ഇത്, ഇന്നാണ് വിട ചൊല്ലിയ ശേഷം തിരിഞ്ഞ് നടക്കുവാനുള്ള ആ ദിനം എന്നും യുവരാജ് തന്റെ വിടവാങ്ങല്‍ അറിയിച്ചു കൊണ്ടു പറഞ്ഞു. ക്യാന്‍സറിനെ അതിജീവിച്ച്‌ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിനു അധികം ശോഭിക്കാനായിരുന്നില്ല. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്. ഇതില്‍ 17 ശതകങ്ങളും 71 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019 ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.