Latest News

പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു; ഇതരസംസ്ഥാന കാര്‍ഡുടമകള്‍ക്കും കേരളത്തില്‍ നിന്ന് റേഷന്‍ വാങ്ങാം

റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കിയതിന്റെ ഭാഗമായി  ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ത്രിപുര, ഗോവ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എ എ വൈ, പി എച്ച്എച്ച് വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡംഗങ്ങള്‍ക്കും  കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും അരിയും ഗോതമ്പും വാങ്ങാം.
എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുന്നത്. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ ലഭിക്കും.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭ്യമാകും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച്  കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ  ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലുമാണ് ലഭ്യമാവുക.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര  ലിറ്റര്‍ വീതവും  വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍ - 0497 2700552, ടോള്‍ഫ്രീ നമ്പര്‍   -  1800-425-1550, 1947 എന്നീ നമ്പരുകളില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.