Latest News

ജില്ല കേരളോത്സവത്തിന് തിരിതെളിഞ്ഞു; സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി

യുവതയുടെ സർഗ്ഗവാസനകളുടെ 'കാഹളമോതി ജില്ല കേരളോത്സവത്തിന് കരിവെള്ളൂരിൽ തിരിതെളിഞ്ഞു. യുവതയുടെ കരുത്തും സർഗ്ഗ വൈഭവവും വിളിച്ചോതിയ വർണ്ണശബളമായ വിളംബര ഘോഷയാത്രയോടെയാണ് മൂന്ന് ദിനങ്ങളിലായ് നടക്കുന്ന  മേളക്ക് തുടക്കമായത്.. ഓണക്കുന്ന് എ വി സ്മാരക ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ജില്ല കലക്ടർ ടി.വി സുഭാഷ്,  മുൻ ദേശീയ ബോക്സിങ്ങ് താരം കെ സി ലേഖ എന്നിവർ ചേർന്ന്  കേരളോത്സവത്തിന് തിരിതെളിയിച്ചു. യുവതയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഇത്തരം വേദികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘട പ്രസംഗത്തിൽ ജില കലക്ടർ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. സംസ്ഥാന യുവജന ക്ഷേമ ബോർഡംഗം ബിജു കണ്ടക്കൈ കേരളോത്സവ സന്ദേശം നൽകി.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ 'കെ.പി ജയബാലൻ, വി കെ സുരേഷ്ബാബു എന്നിവർ വിശിഷ്ടാതിഥികളായി.ജില്ലാ പഞ്ചായത്തംഗം പി ജാനകി ടീച്ചർ, സാഹസിക അക്കാദമി സ്പെഷൽ ഓഫീസർ പി പ്രണിത, യുവജനക്ഷേമ ബോർഡ് ജില്ല കോ ഓർഡിനേറ്റർ സരിൻ ശശി, കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡൻറ് എം രാഘവൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേജിതര മത്സരങ്ങൾ ആദ്യദിനത്തിൽ പൂർത്തിയായി. ഏഴ്, എട്ട് ദിനങ്ങളിലായി കലാമത്സരങ്ങളും നടക്കും.രാവിലെ ഒമ്പത് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. നഗരസഭ, ബ്ലോക്ക്തല വിജയികളായ ആറായിരത്തോളം പ്രതിഭകളാണ് നാല് വേദികളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.