Latest News

ഗര്‍ഭാശയഗള ക്യാന്‍സര്‍ വിമുക്ത പഞ്ചായത്താകാന്‍ കണ്ണപുരം പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ഇന്ന് ശില്‍പ്പശാല

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ നിര്‍മ്മാര്‍ജ്ജനത്തിന് കണ്ണപുരം പഞ്ചായത്ത് സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍  നേരത്തെ തന്നെ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുെട പ്രധാന ലക്ഷ്യം. ഇതിനായി പഞ്ചായത്തിലെ 30 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ സ്ത്രീകളെയും നിരന്തര സക്രീനിങ്ങ് ടെസ്റ്റിന് വിധേയമാക്കുകയും അര്‍ബുദ ലക്ഷണമുള്ളവര്‍ക്ക് നേരത്തെ ചികിത്സ ഉറപ്പാക്കാനാവശ്യമായ ഇടപെടല്‍ നടത്തുകയുമാണ് പ്രവര്‍ത്തന രീതി.
ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന്  മുന്നോടിയായി ശനിയാഴ്ച നവംബര്‍ 30 ന് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 ന് പഞ്ചായത്ത് ഹാളില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ പി നീതു പദ്ധതി വിശദീകരണം നടത്തും.
ചെറുകുന്ന് തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിലവിലുള്ള പ്രാഥമിക ക്യാന്‍സര്‍ നിര്‍ണയ ക്ലിനിക്കില്‍ പരിശോധനക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കും. കല്യാശ്ശേരി മണ്ഡലം എംഎല്‍എ ടി വി രാജേഷിന്റെ  പ്രാദേശിക ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തിയാണ് ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കുക. ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍മ്മാര്‍ജന പദ്ധതി നടപ്പിലാക്കാന്‍ 2019- 20 വാര്‍ഷിക പദ്ധതിയില്‍ പതിമൂന്ന് ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പഞ്ചായത്തിന്റെ പദ്ധതിക്ക് ഡി പി സി അംഗീകാരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം 'പാപ്‌സ്മിയര്‍' ഉള്‍പ്പെടെയുള്ള പരിശോധന നടത്തി ആവശ്യമായ ചികിത്സ നല്‍കും. പഞ്ചായത്തിലെ 30 വയസ്സിന് മുകളിലുള്ള മുഴുവന്‍ സ്ത്രീകളെയും ക്യാന്‍സര്‍ രോഗനിര്‍ണയ  പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയഗള ക്യാന്‍സറിനുള്ളത്.  ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തുന്നതിനുള്ള പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് രോഗം മൂര്‍ച്ഛിച്ച് മരണത്തിനിടയാക്കുന്നത്. ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കണ്ടെത്താനാവുന്ന ശാസ്ത്രീയ പരിശോധന സംവിധാനങ്ങള്‍ നിലവിലുണ്ട്.  ഗര്‍ഭാശയഗള അര്‍ബുദ ലക്ഷണങ്ങള്‍ സ്‌ക്രീനിംഗ്  ക്യാമ്പിലൂടെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുള്ള ജനകീയ മാതൃക സൃഷ്ടിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി 10 മാസത്തോളം നീണ്ടു നില്‍ക്കുന്ന നിരന്തരമായ സ്‌ക്രീനിങ് ക്യാമ്പ് ,ബോധവല്‍ക്കരണം, ചികിത്സാ പദ്ധതികള്‍ എന്നിവ നടപ്പിലാക്കി പഞ്ചായത്തിനെ ഗര്‍ഭാശയഗള അര്‍ബുദ വിമുക്തമാക്കുകയാണ് ലക്ഷ്യം.