Latest News

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും നടന്നു

എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ  ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി വീട് ലഭിച്ചവരുടെ കുടുംബസംഗമവും അദാലത്തും നടന്നു. ചക്കരക്കല്ല് ടാക്‌സി സ്റ്റാന്റില്‍ നടന്ന കുടുംബസംഗമം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച് 109 കുടുംബങ്ങളാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്.  
ആധാര്‍ കാര്‍ഡിലെ അഡ്രസ് മാറ്റം, ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കല്‍, റേഷന്‍ കാര്‍ഡിലെ മാറ്റങ്ങള്‍, പുതിയ സംരംഭം തുടങ്ങുന്നവര്‍ക്ക് സബ്‌സിഡി ലഭ്യമാക്കല്‍ എന്നീ ആവശ്യങ്ങള്‍ കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തിയ അദാലത്തില്‍ ഉയര്‍ന്നു വന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അദാലത്തില്‍ പരിഗണിക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ ജില്ലാ അദാലത്തില്‍ പരിഗണിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സിവില്‍ സപ്ലൈസ്, കെഎസ്ഇബി, കുടുംബശ്രീ,സാമൂഹ്യക്ഷേമം, പട്ടികജാതി- പട്ടികവര്‍ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളുടെ 20 സ്റ്റാളുകള്‍ ഒരുക്കിയിരുന്നു.  
വീട് പണി പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെയും എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ നൂറ് ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് കൂടെ നിന്ന് സഹായിച്ചവര്‍ക്ക് ഉപഹാരം നല്‍കി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍ അധ്യക്ഷനായി. മുന്‍ എല്‍ എ കെ കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശ്രീജ,  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലിസി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി ലക്ഷ്മി ( ചെമ്പിലോട്), കെ പി ബാലഗോപാലന്‍( പെരളശ്ശേരി), എ പങ്കജാക്ഷന്‍ (മുണ്ടേരി), കെ ഗിരീശന്‍( കടമ്പൂര്‍), താഹിറ( കൊളച്ചേരി), എടക്കാട് ബ്ലോക്ക് പഞ്ചായത്ത സെക്രട്ടറി ആയിഷ, ജെഡിസി കെ എം രാമകൃഷ്ണന്‍, എഡിസി ഡി വി അബ്ദുള്‍ ജലീല്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയിഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹൗസിംങ്ങ് ഓഫീസര്‍ എ പി ഹംസക്കുട്ടി,  , വിവിധ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.