Latest News

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും ജാഥകളും ഗതാഗത തടസമുണ്ടാക്കരുത്

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമ്പോള്‍ ഗതാഗത തടസമുണ്ടാക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. 
പൊതുയോഗങ്ങളും  ജാഥകളും സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥലത്തെ പൊലീസ് അധികാരികളില്‍നിന്ന് അനുമതി വാങ്ങണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രബല്യത്തിലുണ്ടെങ്കില്‍ അത്തരം ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണം. പൊതുയോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സംഘാടകര്‍ പൊലീസിന്റെ സഹായം തേടണം. 
 പ്രചാരണ ജാഥകള്‍ തുടങ്ങുന്നത് മുന്‍പേ തന്നെ ജാഥകള്‍ തുടങ്ങുന്ന സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സ്ഥലവും സമയവും മുന്‍കൂട്ടി അധികൃതര്‍ക്ക് നല്‍കണം. ജാഥകള്‍ ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൈര്‍ഘ്യമേറിയ ജാഥകളാണെങ്കില്‍ സൗകര്യപ്രദമായ പോയിന്റുകളില്‍ ഗതാഗതം അനുവദിക്കണം. ജാഥകള്‍ പരമാവധി റോഡിന്റെ വലതുവശത്തുവരത്തക്കവണ്ണം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. 

രണ്ടോ അതിലധികമോ രാഷ്്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ ഓരേ സമയം ഓരേ വഴിയിലൂടെ വരികയാണെങ്കില്‍  ജാഥകള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനും ഗതാഗത തടസം ഇല്ലാതാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. രാഷ്രീയ പാര്‍ട്ടി നേതാക്കളുടെ കോലങ്ങള്‍ കത്തിക്കുന്നത് പോലെയുള്ള തീവ്ര പ്രതികരങ്ങള്‍ പാടില്ല. എതിര്‍ പാര്‍ട്ടികളുടെ യോഗസ്ഥലങ്ങളിലെത്തി ലഘുലേഖകളും നോട്ടീസുകളും മറ്റും വിതരണം ചെയ്യുന്നതും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.