Latest News

അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് പാ​രി​സ്ഥ​തി​ക അ​നു​മ​തി​യി​ല്ല; പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രം രാജ്യസഭയിൽ

ന്യൂഡൽഹി: കണ്ണൂർ അഴീക്കലിൽ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. അഴീക്കലിൽ അക്കാദമിക്ക് പാരിസ്ഥിക അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തീരദേശ പരിപാലനച്ചട്ടം അനുസരിച്ച്‌ നിര്‍മ്മാണത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതോടെ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രപ്രതിരോധ സഹമന്ത്രി രാജ്യസഭയിൽ അറിയിച്ചു. പദ്ധതി ഉള്‍പ്പെടുന്ന സ്ഥലം സിആര്‍ഇസഡ് പരിധിയില്‍ വരുന്നതിനാല്‍ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല. അതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. 2009-ലാണ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 164 ഏക്കര്‍ സ്ഥലം പദ്ധതിക്കായി കൈമാറി. 2011 മേയ് 28-ന് അന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്‍റണി തറക്കല്ലിടുകയും ചെയ്തു. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നു.