Latest News

കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ തിളങ്ങി നിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ തിളങ്ങി നിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, എന്‍ജിനീയറായി വന്ന അദ്ദേഹം പിന്നീട് ഐ.എ.എസിലേക്ക് എത്തിനാല്‍പ്പതുവര്‍ഷത്തോളം ഭരണരംഗത്ത് നിറഞ്ഞു നിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ 'വേദശബ്ദ രത്നാകാരം' മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പതുവര്‍ഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്. യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്റെയും അധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മേയ് 29-ന് പെരുമ്പാവൂരില്‍ ജനിച്ചു. അച്ഛന്‍ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂര്‍ രാജാവിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. തുടര്‍ന്ന് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍കോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറീങ്ങിലും പഠിച്ചു. കേന്ദ്രത്തിലെ മുന്‍ വ്യോമയാന സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ. റോയി പോളാണ് ഏകസഹോദരന്‍. ഭാര്യ -പരേതയായ നിര്‍മലാ പോള്‍. മക്കള്‍-ചെറിയാന്‍ സി. പോള്‍ (ബെംഗളുരു), മറിയം സി.പോള്‍. മരുമക്കള്‍: സതീഷ് (ബിസിനസ്, എറണാകുളം), ദീപ. സംസ്ക്കാരം നാളെ വൈകുന്നേരം നാലു മണിക്ക് കുറുപ്പുംപടിയിൽ നടക്കും.