Latest News

കണ്ണൂര്‍ കോര്‍പറേഷന്‍ 48, 51, 52 ഡിവിഷനുകളെ പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി; കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ മാത്രം നിയന്ത്രണങ്ങള്‍

കണ്ണൂർ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തലശ്ശേരി -26, ചെമ്പിലോട്- 15, പാട്യം -9 വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേ പൂര്‍ണമായി അടച്ചിട്ടിരുന്ന തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

അതേസമയം, കണ്ണൂര്‍ കോര്‍പറേഷന്‍ പ്രദേശത്ത് അടച്ചിട്ടിരുന്ന 48, 51, 52 ( തായത്തെരു, കാനത്തൂർ, താളിക്കാവ്) ഡിവിഷനുകളെ പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി പകരം കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തും.