Latest News

കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം വേണമെന്നു സിപിഎം; രണത്തിനു പിന്നിൽ പാർട്ടിയിലെ ചിലരുടെ ആസൂത്രണമാണെന്ന കെപിസിസി അംഗംത്തിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എം.വി.ജയരാജൻ

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം വേണമെന്നു സിപിഎം. മരണത്തിനു പിന്നിൽ സൈബർ ക്വട്ടേഷനാണെന്നും പാർട്ടിയിലെ ചിലരുടെ ആസൂത്രണമാണെന്നും കെപിസിസി അംഗം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടി തലത്തിലുള്ള അന്വേഷണം മാത്രം പോരെന്ന അഭിപ്രായം ജനങ്ങൾക്കുണ്ട്. കോൺഗ്രസിലെ ആഭ്യന്തര കാര്യമാണെങ്കിലും ഒരു സൈബർ കുറ്റകൃത്യത്തിന്റെ തലത്തിലേക്കു വന്നതുകൊണ്ടാണു സിപിഎം ഇടപെടുന്നതെന്നും ജയരാജൻ പറഞ്ഞു.

സുരേന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകളിട്ട മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീവേഷ് ചോനോളി, തന്റെ നേതാവ് ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷാണെന്ന് പറയുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിച്ചിരുന്ന സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയത് ആരുടെ നിർദേശപ്രകാരമാണെന്ന വസ്തുത പൊലീസ് അന്വേഷണത്തിലൂടെയേ പുറത്തുവരികയുള്ളൂ. ആഴ്ചകൾക്കു മുൻപു കണ്ണൂരിലെ മറ്റൊരു കോൺഗ്രസ് നേതാവിനെ താമസസ്ഥലത്തു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതു സ്വാഭാവിക മരണമല്ലെന്നും കണ്ണൂരിലെ ബ്ലേഡ് പണമിടപാടുകാരനായ മുൻ കോൺഗ്രസ് പ്രവർത്തകനു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു മരണത്തിനും പരസ്പര ബന്ധമുണ്ടോയെന്നും  അറിയേണ്ടതുണ്ട് എന്നും എം വി ജയരാജൻ പറഞ്ഞു.