Latest News

ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് കെപിസിസി അംഗം കെ.പ്രമോദ്; സുരേന്ദ്രൻ സൈബർ ആക്രമണത്തിന്റെ ഇര

കണ്ണൂർ: അന്തരിച്ച കെ.പി.സി.സി സെക്രട്ടറി കെ. സുരേന്ദ്രൻ സൈബർ ആക്രമണത്തിന്റെ ഇരയെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ്.  വ്യക്തിഹത്യ താങ്ങാനാകാതെ ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്രനെതിരെ ഫെയ്സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. ഇതിന് കൊടുത്ത ലൈക്കും കമൻറും നോക്കിയാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് മനസ്സിലാകുമെന്നും പ്രമോദ് പറഞ്ഞു.


കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രൻ പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവരോട് ക്ഷമിക്കാൻ താനടക്കമുള്ള പ്രവർത്തകർ തയ്യാറല്ലെന്നും പ്രമോദ് ഫെയ്സ്ബുക്കിൽ കുറിച്ചു. അനവസരത്തിലാണ് സുരേന്ദ്രേനെതിരേ ഇത്തരമൊരു സൈബർ അക്രമണം നടന്നതെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടതെന്ന് കെ. പ്രമോദ് ആവശ്യപ്പെട്ടു. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐഎൻടിയുസിയുമൊക്കെ ഇത് ഗൗരവത്തോടെ കാണണം. സുരേന്ദ്രേട്ടന് നീതി വേണമെന്നും കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണമെന്നും പ്രമോദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.