Latest News

ഉത്തർ പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ; സ്റ്റേഷനിലെത്തിയത് റെയിൽവെ ട്രാക്ക് വഴി

കണ്ണൂർ: ഉത്തർപ്രദേശത്തിലേക്ക് ട്രെയിനുണ്ടെന്ന പ്രചാരണത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലെത്തി. വളപട്ടണം ഭാഗത്ത് നിന്നാണ് ഇരുന്നൂറോളം തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. റെയിൽവേ ട്രാക്കുവഴി നടന്നിട്ടാണ് ഇവർ സ്റ്റേഷനിലെത്തിയത്. അത് കൊണ്ട് തന്നെ ആരുടെ ശ്രദ്ധയിൽപെട്ടതുമില്ല. ബാഗും വസ്ത്രങ്ങളും ഉൾപ്പടെ തിരിച്ചുപോകുന്നതിന് തയ്യാറായാണ് തൊളിലാളികൾ എത്തിയത്. ഭക്ഷണമില്ലെന്നും തങ്ങൾക്കു നാട്ടിലേക്ക് മടങ്ങണമെന്നും ഇവർ വിവരമറിഞ്ഞെത്തിയ പോലീസിനോട് പറഞ്ഞു. വേണ്ട സൗകര്യങ്ങൾ ചെയ്തു തരാമെന്നു പറഞ്ഞു പോലീസ് ഇവരെ അനുനയിപ്പിച്ചെങ്കിലും തിരിച്ചു പോകാൻ തൊഴിലാളികൾ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നാല് കെ എസ് ആർ ടി സി ബസ്സുകളിൽ ഇവരെ തിരികെ അയക്കാൻ ശ്രമിക്കുന്നതിനിടയിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. വ്യാജ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്.  ഇവരെ തിരികെ കൊണ്ട് പോകണമെങ്കിൽ ഉത്തർപ്രദേശ് സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.