Latest News

മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ജാഗ്രത കാട്ടണം: മുഖ്യമന്ത്രി

കണ്ണൂർ: സാങ്കേതിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പത്രങ്ങൾ ഉള്ളടക്കത്തിന്റെ കാര്യത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടോ എന്നത് സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാല പത്രപ്രവർത്തകരുടെ പ്രവർത്തനം സാഹസികത നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് സാഹസികമായ പത്രപ്രവർത്തനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവരാണ് പത്രപ്രവർത്തകരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ എം.പി, കെ.കെ രാഗേഷ് എം.പി, സണ്ണി ജോസഫ് എം എൽ എ, മേയർ സുമ ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റജി, സെക്രട്ടറി ഇ.എ സുഭാഷ്, പ്രസ് ക്ലബ് പ്രസിഡണ്ട് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലക്ടർ ടി.വി സുഭാഷിന്റെ ഗസൽ സന്ധ്യ അരങ്ങേറി.