Latest News

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്ന് ഒരു വയസ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് ഇന്നേക്ക് ഒരു വർഷം. വാർഷിക ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വിമാനത്താവളം കൈവരിച്ച നേട്ടങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഒന്‍പത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അന്‍പതോളം സര്‍വീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കണ്ണൂരിന് കഴിഞ്ഞു. വിപുലമായ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് കിയാല്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആര്‍ട്ട് ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ സേവനം തുടങ്ങിയവയുടെ ഉദ്‌ഘാടനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് നല്‍കിയ പ്രദര്‍ശന വിമാനത്തിന്റെ അനാച്ഛാദനവും നടന്നു. ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്ര ചെയ്തവര്‍ ഇന്ന് വീണ്ടും അതേ വിമാനത്തില്‍ ഒത്തുചേരുന്നുണ്ട്.