Latest News

ആഹ്ലാദ പ്രകടനങ്ങൾ അതിര് വിടാതിരിക്കാൻ നാല് ദിവസത്തിനുള്ളിൽ മൂന്നാമതും സർവ്വകക്ഷിയോഗം വിളിച്ച് ജില്ലാ ഭരണകൂടം

തലശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് കാതോർത്ത് നാട് നിമിഷങ്ങളെണ്ണി കാത്തിരിക്കേ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം തലശ്ശേരിയിൽ വീണ്ടും സർവ്വകക്ഷി യോഗം ചേർന്നു. നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് സർവകക്ഷി യോഗം ചേർന്നത്.  വിവിധ രാഷ്ടിയ പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചാൽ നിലവിലുള്ള എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ.മുന്നണി പ്രവർത്തകർ അവരവർക്ക് ലഭിച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ നഗരത്തിൽ ഒഴുകിയെത്തും. ബദ്ധവൈരികളായ പ്രവർത്തകർ സംഘടിച്ചെത്തുമ്പോൾ ഉണ്ടാവുന്ന അമിത വികാരപ്രകടനങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കുഴപ്പങ്ങൾ ഒഴിവാക്കാൻ പോലിസ് മുൻകൈയ്യെടുത്ത് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിളിച്ചു ചേർത്തത്. ഓരോ മുന്നണിക്കും നഗരത്തിൽ പ്രത്യേക സ്ഥലങ്ങൾ വീതിച്ചു നൽകുന്ന കാര്യത്തിൽ നേതാക്കൾ പോലിസുമായി ധാരണയിലെത്തി.