Latest News

റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്

പിലാത്തറ: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിങ് നടന്ന പിലാത്തറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനും ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന പരാതി നല്‍കിയ ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിന് നേരെയുമാണ് ബോംബേറ് നടന്നത്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് ആയിരുന്ന പൂത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെ ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. 12.30ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യുപി സ്‌കൂൾ ബൂത്തിലെത്തിയപ്പോൾ തൻറെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാർത്തയായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം കൂടുതൽ സമയം പോളിംഗ് ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.