Latest News

ഫിലിപ്പീന്‍സിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാര്‍ഥികളുടെ മടക്കം അനിശ്ചിതത്വത്തില്‍; മനില വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കി

മനില: ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇതുവരെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കയാത്രയ്ക്കുള്ള എയര്‍ ഏഷ്യ വിമാനം റദ്ദാക്കിയതോടെ ബോര്‍ഡിങ് പാസ്സ് തിരികെ വാങ്ങി മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി. കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളടക്കം നൂറിലധികം വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് വിദ്യാര്‍ഥികളെ സെക്യൂരിറ്റി ജീവനക്കാരും പോലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്‌ വിമാനത്താവളത്തിന് പുറത്താക്കിയത്. ഭക്ഷണം പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ എവിടെപ്പോകണമെന്നറിയാതെ പ്രയാസപ്പെടുകയാണെന്ന് അവര്‍ പ്രമുഖ ദൃശ്യമാധ്യമത്തോട് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മനിലയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് നല്‍കിയ സമയപരിധിയും ഇന്നവസാനിക്കും.