Latest News

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണസംഖ്യ 900 കടന്നു. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ഏറ്റവും ഒടുവില്‍ 91 പേരാണ് മരണമടഞ്ഞത്. 2002-03 ല്‍ ലോകത്തെ വിറപ്പിച്ച സാര്‍സ് ബാധയെ തുടര്‍ന്നുണ്ടായ മരണസംഖ്യയേയും കൊറോണ വൈറസ് മറികടന്നു.  സാര്‍സ് വൈറസ് 774 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു.അവസാന കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു ദിവസങ്ങളായി പുതിയതായി റിപ്പോര്‍ട്ടു ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. ഇതുവരെ 39,800 ഓളം പേര്‍ക്കാണ് രോഗബാധ സ്ഥികരീകരിച്ചിരിക്കുന്നത്. ചൈനയിലാകെ പുതിയതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഈ നിരക്ക് കുറഞ്ഞു വരുന്നുണ്ടെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ച 3,281 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഹുബേയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര എക്‌സ്‌പേര്‍ട്ട് മിഷന്‍ ചൈനയിലേയ്ക്ക് അയച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദാനോം ഗേബ്രേയ്‌സസ് ട്വിറ്ററില്‍ വ്യക്തമാക്കി. ബ്രൂസ് ആലിവാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയിലേക്ക് എത്തുക.