Latest News

പാകിസ്താനിൽ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ 65 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിന് തീപിടിച്ച്‌ 65 മരണം. യാത്രക്കാര്‍ പാചക വാതക സ്റ്റൗ ഉപയോഗിച്ച്‌ ഭക്ഷണമുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് തീ ട്രെയിനാകെ അതിവേഗം പടര്‍ന്നത്. തീ വ്യാപിച്ചതോടെ ഒട്ടേറെ പേര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. പഞ്ചാബ് പ്രവിശ്യയിലെ ലിയാഖത്ത്പൂരിലാണ് സംഭവം. ട്രെയിനില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ച്‌ ഭക്ഷണം പാകം ചെയ്തതാണ് ദുരന്തത്തിന് കാരണം. യാത്രക്കാരുടെ കൈവശം പാചക എണ്ണയുമുണ്ടായിരുന്നു. തീ വേഗത്തില്‍ പടരാന്‍ കാരണം ഇതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചി-റാവല്‍പിണ്ടി ടെസ്ഗാം എക്പ്രസിന്റെ മൂന്ന് ബോഗികളിലാണ് പൊട്ടിത്തെറിയെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായത്. കറാച്ചിക്കും ലാഹോറിനുമിടയിലാണ് ലിയാഖത്ത്പൂര്‍. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഗ്യാസ് സ്റ്റൗകളാണ് പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണത്തിന് റെയില്‍വെ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് ഉത്തരവിട്ടു. ദുരന്തത്തിൽ മരണസംഖ്യ ഉയർന്നേക്കും.